മുംബൈ•കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ 25 കാരനായ ഡൊംബിവ്‌ലി സ്വദേശിയായ യുവാവ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആയിരത്തിലധികം അതിഥികളെത്തിയ ഒരു വലിയ വിവാഹത്തിൽ പങ്കെടുത്തതായി വെളിപ്പെടുത്തല്‍. ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് മാർച്ച് 15 നാണ് തുർക്കിയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പമുള്ള യാത്രയ്ക്ക് ശേഷം തിരികെയെത്തിയത്. നാലു ദിവസത്തിനുശേഷം, ഡൊംബിവ്‌ലിയിൽ നടന്ന സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത അദ്ദേഹം അവിടെ ആയിരത്തോളം അതിഥികളുമായും കുടുംബാംഗങ്ങളുമായും സംവദിച്ചു.
കല്യാണസമയത്ത് തനിക്ക് കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് യുവാവ് പറഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇപ്പോൾ ഇയാള്‍ മൂന്ന് കുടുംബാംഗങ്ങൾക്കൊപ്പം കസ്തൂർബ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
ഇയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. തുർക്കിയിലേക്കുള്ള യാത്രയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന 21 സുഹൃത്തുക്കളെയും കണ്ടെത്തി. കോൺടാക്റ്റ് മാപ്പിംഗ് നടക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം, മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ അഞ്ച് പേർക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് -19 രോഗികളുടെ എണ്ണം 135 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു.
കൊറോണ വൈറസ് ബാധ നേരിടുന്നതിന്റെ തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യാഴാഴ്ച അവലോകന യോഗം ചേർന്നു .വ്യാഴാഴ്ച നടന്ന യോഗത്തിന്റെ സമാപനത്തിൽ ഉദ്ദവ് താക്കറെ എല്ലാ അവശ്യവസ്ത, പലചരക്ക് കടകളും മെഡിക്കൽ സ്റ്റോറുകളും 24 മണിക്കൂർ തുറന്നിരിക്കാൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.
Post Your Comments