ന്യൂഡൽഹി: കൊറോണ വൈറസ് നിരീക്ഷണത്തിൽ ക്വാറന്റീൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി മുൻ ക്രിക്കറ്റ് താരവും, ബിജെപി എംപിയുമായ ഗൗതം ഗംഭീർ.ക്വാറന്റീൻ നിർദ്ദേശിക്കപ്പെട്ടവർ അതു ലംഘിച്ചാൽ ജയിലിൽ പോകേണ്ടിവരുമെന്ന് ഗംഭീർ മുന്നറിയിപ്പു നൽകി. ക്വാറന്റീന്‍ നിർദ്ദേശിക്കപ്പെട്ട പലരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതു ലംഘിച്ച് മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്ന കാര്യം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഗംഭീർ നിലപാട് കടുപ്പിച്ചത്.
രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പ്രഖ്യാപിച്ച ജനത കർഫ്യൂ വൻ വിജയമായിരുന്നു. എന്നാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഫ്യൂവിനു പിന്നാലെ ആളുകൾ സംഘങ്ങളായി ഒത്തുകൂടിയത് വിവാദമായിരുന്നു.
മിക്ക സ്ഥലങ്ങളിലും ആളുകൾ കാര്യങ്ങൾ ഗൗരവത്തോടെ കാണുന്നില്ലെന്നും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗംഭീറും ശക്തമായ ഭാഷയിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഒന്നുകിൽ നിങ്ങൾ കുടുംബത്തോടൊപ്പം ക്വാറന്റീനിൽ പ്രവേശിക്കുക. അല്ലെങ്കിൽ ജയിലിലേക്കു പോകാൻ തയാറാകുക. സമൂഹത്തിന് ഒരുതരത്തിലും ഭീഷണിയാകരുത്. നിലനിൽപ്പിനും അതിജീവനത്തിനും വേണ്ടിയാണ് നമ്മുടെ പോരാട്ടം. അല്ലാതെ ഉപജീവനമാർഗം കണ്ടെത്താനല്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുക’ – ഗംഭീർ ട്വീറ്റ് ചെയ്തു.
Post Your Comments