ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ബിവറേജസ് അടക്കാത്തതിനെതിരെ വിമർശനവുമായി വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം ഇക്കാര്യം വ്യക്തമാക്കിയത്. നൂറുകണക്കിനാളുകള്‍ തടിച്ചുകൂടുന്ന ഇടങ്ങളായതിനാല്‍ മദ്യവില്‍പ്പനശാലകള്‍ തല്‍ക്കാലം ഒന്നോ രണ്ടോ ആഴ്ച അടച്ചിടാനാണ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്, അല്ലാതെ കേരളത്തില്‍ കാലാകാലത്തേക്ക് സമ്പൂർണ നിരോധനം പ്രഖ്യാപിക്കാനല്ലെന്ന് ബൽറാം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
നൂറുകണക്കിനാളുകള്‍ തടിച്ചുകൂടുന്ന ഇടങ്ങളായതിനാല്‍ മദ്യവില്‍പ്പനശാലകള്‍ തല്‍ക്കാലം ഒന്നോ രണ്ടോ ആഴ്ച അടച്ചിടാനാണ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്, അല്ലാതെ കേരളത്തില്‍ കാലാകാലത്തേക്ക് സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രഖ്യാപിക്കാനല്ല. അത്യാവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ഹോം ഡെലിവറി സംവിധാനങ്ങള്‍ ബവ്‌റിജസ് കോര്‍പ്പറേഷന്‍ നേരിട്ട് ഏര്‍പ്പെടുത്തുന്നതിലും ആര്‍ക്കും വിരോധമുണ്ടാകുമെന്ന് തോന്നുന്നില്ല.
ഇതിനെന്ത് സാമൂഹ്യ പ്രത്യാഘാതമുണ്ടാകുമെന്നാണ് കേരള മുഖ്യമന്ത്രി ഈ പറഞ്ഞു കൊണ്ടിരിക്കുന്നത്!
മദ്യലഭ്യതയുടെ ഔദ്യോഗിക ചാനല്‍ അടച്ചാല്‍ വ്യാജമദ്യത്തിന്റേതായ മറ്റ് സമാന്തരമാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിഞ്ഞു വരുമായിരിക്കും, പക്ഷേ അതിന് അതിന്റേതായ സമയമെടുക്കും. അതല്ലാതെ ഇന്ന് രാത്രി മദ്യഷാപ്പ് അടച്ചാല്‍ നാളെ രാവിലെ മുതല്‍ ഇവിടെ വ്യാജമദ്യം ഒഴുകും എന്നാണോ സര്‍ക്കാരിന്റെ വാദം? അങ്ങനെയാണെങ്കില്‍പ്പിന്നെ ഖജനാവിലെ പണമുപയോഗിച്ച് ഈ എക്‌സൈസ് വകുപ്പിനെ തീറ്റിപ്പോറ്റുന്നത് എന്തിനാണ്?
സംസ്ഥാനാതിര്‍ത്തികള്‍ പോലും അടച്ചിരിക്കുന്ന സാഹചര്യത്തില്‍, 144 പ്രഖ്യാപിച്ച് ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുന്ന അവസ്ഥയില്‍, പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായി നിലയ്ക്കുകയും സ്വകാര്യ വാഹനങ്ങള്‍ പോലും റോഡുകളില്‍ പരിമിതമാവുകയും ചെയ്യുന്ന അവസ്ഥയില്‍, ജനങ്ങള്‍ പരസ്പരം മോണിറ്റര്‍ ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരും എക്‌സൈസ് വകുപ്പും കൂടി മിനിമം ജാഗ്രതയും ഉത്തരവാദിത്തബോധവും കാണിക്കുകയാണെങ്കില്‍ ഇവിടെ ഒരു വ്യാജമദ്യവും ഒഴുകാന്‍ പോകുന്നില്ല. ഇത്രയേറെ സംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് വ്യാജമദ്യം ആളുകളിലേക്കെത്തിക്കാന്‍ ലാഭകരമായ ഒരു സപ്ലൈ ചെയിന്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഒരു മദ്യമാഫിയക്കും കഴിയുകയുമില്ല.
അതുകൊണ്ട് സാമൂഹ്യ പ്രത്യാഘാതത്തിന്റെ കപട വായ്ത്താരികള്‍ കൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കണ്ട. ഇത് നിങ്ങളുടെ ലാഭക്കൊതിയുടെ മാത്രം പ്രശ്‌നമാണ്. ജനങ്ങളെ കൊലക്ക് കൊടുക്കുന്ന ക്രൂരമായ ലാഭക്കൊതി. എത്ര പുച്ഛിച്ച് ചിരിച്ച് തള്ളിയാലും ഇന്നല്ലെങ്കില്‍ നാളെ നിങ്ങളിതിന് കണക്ക് പറയേണ്ടി വരും.
Post Your Comments