ന്യൂഡല്‍ഹി: ഒരുവിധത്തിലുമുള്ള പരിശോധനകളില്‍നിന്നും മാറിനിന്നിട്ടില്ലെന്നു കോവിഡ് ബാധിതയായ ബോളിവുഡ് ഗായിക കനിക കപൂര്‍. പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് താനാണ് അധികൃതരെ സമീപിച്ചതെന്നും കനിക പറഞ്ഞു.മുംബൈ വിമാനത്താവളത്തില്‍ താന്‍ പരിശോധനയ്‌ക്കു വിധേയയായിരുന്നെന്നും പിറ്റേന്നാണു മുംബൈയില്‍നിന്നു സ്വദേശമായ ലഖ്‌നൗവിലേക്കു പോയതെന്നും കനിക പറഞ്ഞു. വിദേശത്തുനിന്നു വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം അപ്പോഴുണ്ടായിരുന്നില്ല.
നാലുദിവസം മുമ്പ് മാത്രമാണു രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പരിശോധനയില്‍നിന്നു രക്ഷപ്പെടാന്‍ താന്‍ വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഒളിച്ചിരുന്നെന്ന പ്രചാരണം അസംബന്ധമാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഒന്‍പതിനു ലണ്ടനില്‍നിന്നു മടങ്ങിയെത്തിയശേഷം പൊതു സമ്പര്‍ക്കവിലക്ക് ലംഘിക്കുകയും വിരുന്നുകളില്‍വരെ പങ്കെടുക്കുകയും ചെയ്‌തതിന്റെ പേരില്‍ വന്‍വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണു ഗായിക സ്വയം ന്യായീകരിച്ച് രംഗത്തെത്തിയത്. അതേസമയം നിലവിൽ കനികക്കെതിരെ മൂന്നു കേസ് ഉണ്ട്.
കനികയ്‌ക്കെതിരേ സരോജിനി നഗര്‍, ഹസ്രത്‌ഗഞ്ച്, ഗോമതി നഗര്‍ പോലീസ് സ്‌റ്റേഷനുകളില്‍ എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തതായി ലഖ്‌നൗ പോലീസ് കമ്മിഷണര്‍ വ്യക്‌തമാക്കി.കനികയ്‌ക്കൊപ്പം ചടങ്ങുകളില്‍ പങ്കെടുത്ത ബി.ജെ.പി. നേതാവ് ദുഷ്യന്ത് സിങ് എം.പി, അദ്ദേഹത്തിന്റെ മാതാവും രാജസ്‌ഥാന്‍ മുന്‍മുഖ്യമന്ത്രിയുമായ വസുന്ധര രാജെ, ദുഷ്യന്തുമായി സമ്പര്‍ക്കമുണ്ടായ എം.പിമാരായ ഡെറെക് ഒ ബ്രെയ്‌ന്‍, അനുപ്രിയ പട്ടേല്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. ദുഷ്യന്തിനും വസുന്ധരയ്‌ക്കും രോഗമില്ലെന്നു പിന്നീട് സ്‌ഥിരീകരിച്ചു.
താന്‍ ഒരു വിരുന്നിനും ആതിഥേയത്വം വഹിച്ചിട്ടില്ലെന്നും പിറന്നാളാഘോഷം പോലെ ചെറിയ ചില പരിപാടികളില്‍ മാത്രമാണു പങ്കെടുത്തതെന്നും കനിക പറഞ്ഞു. ഒരു പിറന്നാള്‍ വിരുന്നില്‍ ദുഷ്യന്ത് സിങ് ഉള്‍പ്പെടെ നിരവധി രാഷ്‌ട്രീയ നേതാക്കളുമുണ്ടായിരുന്നു. എന്നാല്‍, പ്രചരിപ്പിക്കപ്പെടുന്നതുപോലെ അതൊരു വലിയ ആള്‍ക്കൂട്ടമായിരുന്നില്ല. അതില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ താന്‍തന്നെ ആരോഗ്യവകുപ്പ് അധികൃതര്‍ക്കു കൈമാറിയിട്ടുണ്ട്.
തന്റെ രോഗലക്ഷണങ്ങളും ഹെല്‍പ്‌ലൈന്‍ നമ്പറില്‍ അറിയിച്ചെങ്കിലും അതു സാധാരണ പനിയുടെ ലക്ഷണമാണെന്നായിരുന്നു മറുപടി. തന്റെ നിര്‍ബന്ധപ്രകാരമാണു സാമ്പിള്‍ ശേഖരിക്കാന്‍ ആളെ അയച്ചത്. അതിനുശേഷം മുറിയില്‍നിന്നു പുറത്തിറങ്ങിയിട്ടില്ല.കനിക പറയുന്നു.
Post Your Comments