ന്യൂഡൽഹി: കൊറോണയുടെ മറവിൽ ഇനി കച്ചവടക്കാരുടെ കൊള്ള നടക്കില്ല. മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില ഇനി കേന്ദ്ര സർക്കാർ നിശ്ചയിക്കും. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. രണ്ട് ലയർ ഉള്ള 2 പ്ലൈ മാസ്കിന് പരമാവധി 8 രൂപ ഈടാക്കാം. 3 ലയർ ഉള്ള 3-പ്ലൈ മാസ്കിന് പരമാവധി 10 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളു. 200 മില്ലി ലിറ്റർ സാനിറ്റൈസറിന്റെ പരമാവധി വില 100 രൂപ ആയിരിക്കും.
ജൂൺ 30 വരെയാണ് ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാവുക. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ചു കൊണ്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്‌തൃ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.
അതേസമയം, സംസ്ഥാനത്ത് ഇന്നു വൈകുന്നേരം മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന വാര്‍ത്ത തെറ്റാണെന്ന് പൊലീസ് മേധാവി സ്ഥിരീകരിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
ഇന്നു വൈകുന്നേരം മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
Post Your Comments