കൊച്ചി : കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് റിയാലിറ്റി ഷോ മത്സരാര്‍ഥിയായ രജിത് കുമാറിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയത്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ആരാധന മൂത്ത് അപകടകരമാകുന്നതിലേയ്ക്ക് പോകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു. റിയാലിറ്റി ഷോയിലൂടെ തിളങ്ങിയ രജിത് കുമാറിനെ ഏറ്റവുമധികം ആരാധിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. രജിത് സാര്‍ വരുമ്പോള്‍ ജനം കൂടാന്‍ സാധ്യത ഉണ്ടന്നു പൊലീസ് മുന്‍കൂട്ടി മനസിലാക്കി മുന്‍കരുതല്‍ എടുക്കുമെന്നായിരുന്നു താന്‍ വിചാരിച്ചതെന്നും രജിത്തിനും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.
ആലപ്പി അഷ്‌റഫിന്റെ കുറിപ്പ് വായിക്കാം:
ബിഗ്‌ബോസ് ഷോ ഞാന്‍ കണ്ടില്ലായിരുന്നെങ്കില്‍.. ഒരു പക്ഷേ ഞാനും അദ്ദേഹത്തെ എതിര്‍ക്കുന്നവരുടെ പക്ഷത്തായേനേ. എന്തുകൊണ്ടാണ് രജിത്കുമാറിന് ഇത്ര അധികം ആരാധകരുണ്ടായത് എന്നുള്ളത് ആരും അന്വേഷിക്കുന്നില്ല.
അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ അതും അന്വേഷിക്കണ്ടതല്ലേ.. വെറുതെ മണ്ടന്മാര്‍, മരയൂളകള്‍ എന്നൊക്കെ പറഞ്ഞു തള്ളിക്കളയുകയല്ല വേണ്ടത്. യാഥാര്‍ഥ്യം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായ് മുന്‍വിധിയോടെ സമീപിക്കരുത്.
സത്യത്തില്‍ മോഹന്‍ലാല്‍ ഉള്ളത് കൊണ്ടാണ് ഞാന്‍ ആ ഷോ കാണാനിരുന്നത്. മനസില്‍മറ്റാരുമില്ല. രജിത് സാറിനെ ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ല. കൂടുതല്‍ ഒന്നും അറിയുകയുമില്ലായിരുന്നു
അദ്ദേഹത്തോട് മറ്റു മത്സരാഥികള്‍ പെരുമാറുന്ന രീതിയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത് , ഒരിക്കലും ആര്‍ക്കും യോജിക്കാന്‍ പറ്റാത്ത വിധമായിരുന്നു ആ പ്രവര്‍ത്തികള്‍ , As a human being അതിനോട് മാനസികമായ് എതിര്‍പ്പുണ്ടാകാന്‍ തുടങ്ങി.
ഒരു മത്സരാര്‍ത്ഥി അദ്ദേഹത്തിന്റെ കവാലകുറ്റി അടിച്ചു പൊട്ടിക്കണമെന്നു ഷോയില്‍ ആക്രോശിച്ചപ്പോഴാണ് സത്യത്തില്‍ രജിത് സാറിലെ അധ്യാപകനെയും ഡോക്ടറേറ്റിനെയും ഡിഗ്രികളെ കുറിച്ചും അറിഞ്ഞത് ഓര്‍ത്ത് മനസ് വേദനിച്ചത് . സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു കോളജ് പ്രഫസര്‍ . അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഒരു വീഴ്ചയും കാണാനും പറ്റുന്നില്ല. വീണ്ടും മറ്റൊരാള്‍ പറയുന്നു നിന്നെ തീര്‍ത്തട്ടെ ഞാനാവിടുന്നു പോകുള്ളു. പുറത്തിറങ്ങുമ്പോള്‍ ഞാനും രണ്ടെണ്ണം കൊടുക്കുമെന്നു അദ്ദേഹത്തെ അവസാനം അകത്ത് കയറ്റില്ല എന്നു പറഞ്ഞ കുട്ടിയും.
കുഷ്ഠരോഗിയുടെ മനസാണന്ന് ഒരു സ്ത്രീ. പന്നിക്കൂട്ടില്‍ പിറന്ന ആളെന്ന് മറ്റൊരു വ്യക്തി. ഇതിനെതിരെയൊന്നും പ്രതികരിക്കാതെ നിസ്സഹയനായ രജിത് സാര്‍ ഒരു പ്രത്യേക രീതിയില്‍ ഒറ്റയ്ക്കിരുന്ന് ആത്മഗതം പോലെ സംസാരിക്കുന്ന ഒരോ വാക്കുകളും പ്രേക്ഷകരുടെ മനസില്‍ ആഴത്തില്‍ പതിയാന്‍ തുടങ്ങി.
മത്സരാര്‍ഥികളില്‍ ആരും തന്നെ അദ്ദേഹത്തിന്റെ പക്ഷം നിന്നില്ല. എന്നാല്‍ ,അദ്ദേഹം ഒഴിച്ച് ബാക്കി ഉള്ളവരെല്ലാം ചേര്‍ന്ന് ഒറ്റക്കെട്ടും. അദ്ദേഹത്തെ സഹായിക്കാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ അവരെയും ഈ കൂട്ടം ആക്രമിക്കും.
ഇത് കൂടിയായപ്പോള്‍ പ്രേക്ഷകരുടെ മുഴുവന്‍ ശ്രദ്ധയും രജിത് കുമാറിലേക്ക് തിരിഞ്ഞു. അദ്ദേഹം അനാഥനാണന്നും, ചാരിറ്റിയും മറ്റും ചെയ്ത് സമൂഹത്തിന് വേണ്ടിയാണ് ഇനിയുള്ള ജീവിതം എന്നുമറിഞ്ഞപ്പോള്‍ പ്രേക്ഷക പൊതുസമൂഹം മുഴുവന്‍ അദ്ദേഹത്തെ നെഞ്ചിലേറ്റി.
ഈ സമയത്താണ് അദ്ദേഹത്തിന് മേല്‍ ശരീരിക പീഡനങ്ങള്‍ ആരംഭിക്കുന്നത്.ഫിസിക്കല്‍ ടാസ്‌ക്കിന്റെ പേരില്‍ നടന്ന മര്‍ദ്ദനമുറകള്‍ പലതും കള്ളത്തരത്തിലൂടെ ടാസ്‌കിന്റെ പേരില്‍ മനഃപൂര്‍വം നടത്തിയതണന്ന് പ്രേക്ഷകര്‍ വ്യക്തതയോടെ മനസ്സിലാക്കി.
അപ്പോഴെക്കും വോട്ടുകള്‍ 80 % ശതമാനത്തിന് മേലെ രജിത് കുമാറിന് പ്രേക്ഷകര്‍ വാരി കൊടുത്ത്. ബാക്കി 20% മറ്റുള്ളവര്‍ വീതിക്കേണ്ടി വന്നു.
എതിര്‍ സംഘം അദ്ദേഹത്തിന്റെ ഒരു വിരല്‍ ചതച്ച് അടിച്ചു ഒടിച്ച് നഷ്ടപ്പെടുത്തി കൈപ്പത്തിയില്‍ ഒടിവുണ്ടാക്കി. ബെല്‍റ്റ് കൊണ്ടു കഴുത്ത് മുറക്കി ശ്വാസം മുട്ടിച്ചു ,നാഭിക്കിട്ട് രണ്ടു പ്രാവിശ്യം കാലുകൊണ്ടു തൊഴിച്ച്.
ഈ ക്രൂര പ്രവര്‍ത്തിക്കെതിരെ ,ബിഗ് ബോസില്‍ നിന്നും നീതി പോയിട്ട് ഇത് ചെയ്തവരെ ഒന്നു ശാസിക്കുക പോലും ചെയ്യുന്നില്ലന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ പ്രേക്ഷകര്‍ക്ക് മനസ്സിലെ മാനുഷിക മൂല്യത്തിന്റെ, സിംപതിയുടെ അളവ് വളരെയധികം വര്‍ധിക്കുകയാണുണ്ടായത്.രജിത് സാറിനെ ഓര്‍ത്ത് പ്രേക്ഷകരുടെ മനസ് വിഷമിച്ചു
അദ്ദേഹത്തിന്റെ ഒടിഞ്ഞു ചതഞ്ഞ കൈ പിടിച്ച് തിരിച്ച് വേദനിപ്പിച്ച് അവര്‍ ആഹ്ലാദം കണ്ടെത്തി. ഇത്തരം പ്രവര്‍ത്തികള്‍ കണ്ടുചാനലിന്റെ നേരെ ജനങ്ങള്‍ തിരിഞ്ഞു. സ്ത്രീകള്‍ അദ്ദേഹത്തിന് വേണ്ടി കണ്ണീരോടെ പ്രാര്‍ത്ഥിച്ചു തുടങ്ങി.
അപ്പോഴേക്കും, മര്‍ദ്ദനമുറകളെങ്കിലും ഒന്നു അവസാനിച്ചോട്ടെ എന്നു കരുതി ഞാന്‍ മനുഷ്യാവകാശ കമ്മീഷന് ഇതൊക്കെ കാണിച്ച് പരാതിയും നല്കി. സഹികെട്ട പ്രേക്ഷകര്‍ സോഷ്യല്‍മീഡിയ വഴി അദേഹത്തിന്റെ എതിരാളികളെ ശക്തമായി ആക്രമിക്കാന്‍ തുടങ്ങി.
ഈ ഷോ കാണുന്നത് തന്നെ രജിത് സാര്‍ ഉള്ളത് കൊണ്ടാണ് എന്ന രീതിയിലായ് കാര്യങ്ങള്‍. അപ്പോഴെക്കും അദ്ദേഹത്തിന്റെ പേരില്‍ ഫാന്‍സ് അസോസിയേഷനുകളും
ആര്‍മിയും ഉടലെടുത്ത് ശക്തി പ്രാപിച്ചു കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷ കണക്കിന് പേര്‍ അതില്‍ അണിനിരന്നു.
അദ്ദേഹം നേടിയെടുത്ത ആരാധകരുടെ പ്രവാഹം , ചാനല്‍ ചരിത്രത്തില്‍ കേട്ടുകേഴ്വി പോലുമില്ലാത്ത വിധം ഒരു അത്ഭുതമായ് മാറിയെന്നതാണ് സത്യം. ഇവരില്‍ സമൂഹത്തിലെ അത്യുന്ന മേഖലകളിലെ പ്രഫസര്‍മാര്‍, ഡോക്ടേഴ്‌സ്, വക്കീലന്മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സമൂഹം, വീട്ടമ്മമാര്‍, കൊച്ചു കുട്ടികള്‍ ,തൊഴിലാളികള്‍, അങ്ങിനെ വിവിധ തുറകളില്‍ നിന്നു ഞെട്ടിക്കുന്ന ആരാധന പ്രവാഹമായിരുന്നു.<
ഇക്കാര്യങ്ങള്‍ ഹൗസിനുള്ളിലുള്ളവര്‍ ചെറുതായ് മണത്തറിഞ്ഞതോടെ അദ്ദേഹത്തോടുള്ള സമീപനത്തില്‍ കുറച്ചു മാറ്റം വരുത്തി .ചിലര്‍ അവരുടെ നിലനില്‍പിന് വേണ്ടി അദേഹത്തിനൊപ്പം ചേര്‍ന്ന്. ബുദ്ധിപൂര്‍വ്വം അദ്ദേഹത്തെ നോമിനേഷനില്‍ നിന്നും ഒഴിവാക്കി ജനങ്ങളുടെ വോട്ടെടുപ്പില്‍ നിന്നും അകറ്റി.
ഇനിയാണ് സംഭവങ്ങളുടെ ട്വിസ്റ്റു് ക്ലാസ് റൂം ടാസ്‌ക് എന്ന പേരില്‍ നടന്ന ഏറ്റവും മോശക്കാരനായ വികൃതിക്കാരനായ ഒരു വിദ്യാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ രജിത് സാറിന് നിര്‍ദ്ദേശം വന്നു. അതില്‍ അദ്ദേഹത്തിന് ഒരു പിഴവ് പറ്റുന്നു , മുളകിന്റെ ഒരറ്റം ഒടിച്ച് കൈയ്യ് വിരലില്‍ തേച്ച് വച്ച് ബര്‍ത്ത്‌ഡേ ആഘോഷിക്കുന്ന കുട്ടിയുടെ കണ്ണിന്റെ ഭാഗത്ത് ആ വിരലുകള്‍ കൊണ്ട് തടവി.
കണ്ണിന് അസുഖം വന്നു സുഖമായ കുട്ടി കൂടിയാണ്. രജിത് സാറിന്റെ ഈ പ്രവര്‍ത്തി മൂലം സ്വാഭാവികമായും അത് നീറ്റല്‍ ഉളവാക്കുകയും ചെയ്യും. ഈ ഹൗസില്‍ ആണ്‍ പെണ്‍ വ്യത്യസമില്ലന്നു പറഞ്ഞിട്ടുങ്കിലും ഈ പ്രവര്‍ത്തിയോട് യോജിക്കാന്‍ കഴിയില്ല. അപ്പോഴെക്കും കാര്യങ്ങള്‍ വഷളാകാന്‍ തുടങ്ങി. കുട്ടിക്ക് പരിചരണം കൊടുത്തു. രജിത് സാറിനെ പുറത്താക്കി അഞ്ചു ദിവസം തടവില്‍ ഇട്ടു…
അഭിനയത്തില്‍ ചെയ്ത ഒരു പിഴവിന് ശിക്ഷകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ച് , ഹൗസില്‍ നിന്നും പുറത്താക്കി അഞ്ചു ദിവസം മുറിയില്‍ അടച്ചിട്ട് . പിന്നീട് മോഹന്‍ലാലിന്റെ അരികില്‍ വന്ന് കുറ്റം ഏറ്റുപറഞ്ഞു ആ കുട്ടിയോട് ചങ്കുപ്പൊട്ടി കാലു പിടിച്ച് മാപ്പു പറഞ്ഞു , അച്ഛനോട്,അമ്മയോട്, മറ്റ് മത്സരാര്‍ത്ഥികളോട്, മോഹന്‍ലാലിനോട് അങ്ങനെ ഹൃദയത്തിന്റെ ഭാഷയില്‍ വിനീതനായ് വികാരഭരിതനായ് അദ്ദേഹം മാപ്പപേക്ഷയുമായ് നിന്നു.
രണ്ടു കണ്ണുകള്‍ ദാനം ചെയ്യാമെന്നേറ്റിട്ടും, രേശ്മയുടെ മാതാപിതാക്കളെ വീട്ടില്‍ പോയി കണ്ടു വീണ്ടും മാപ്പു പറയുമെന്നും, ജീവിതത്തില്‍ എന്ത് സഹായവും ചെയ്യാന്‍ എന്നും കൂടെയുണ്ടാകുമെന്നും , ലോകത്തോട് മുഴുവന്‍ മാപ്പു പറഞ്ഞു് യാചിച്ചിട്ടും ആ അനാഥനായ അദ്ദേഹത്തോടുള്ള ബിഗ് ബോസിലെ സമീപനം പ്രേക്ഷകരെ ഒന്നടങ്കം വേദനിപ്പിച്ചു എന്നതില്‍ സംശയമില്ല. അത് മാത്രമല്ല അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിലും അവഹേളിക്കുന്ന രീതിയിലായിപ്പോയി അദ്ദേഹത്തിന്റെപടിയിറക്കം. അത് ഹൃദയവേദനയോടെയാണ് പ്രേക്ഷകര്‍ നോക്കി കണ്ടത്
ഈ സംഭവങ്ങള്‍ വീണ്ടും അദ്ദേഹത്തോടുള്ള അനുകമ്പയും സ്‌നേഹവും വര്‍ധിക്കാന്‍ ഇടയാക്കി. ഇതൊക്കെയാണ് വസ്തുനിഷ്ടമായ കാര്യങ്ങള്‍.
ബിഗ് ബോസ് കാണാത്തവര്‍ അദ്ദേഹത്തിന്റെ ശാസ്ത്ര വീക്ഷണത്തെക്കുറിച്ചും സ്ത്രീവിരുദ്ധതയെ പറ്റിയും പറഞ്ഞു അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെ കുറ്റപ്പെടുത്തുന്നു ,അതൊക്കെ ആയിക്കോട്ടെ. അതൊന്നും അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഫലിക്കുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം
അവര്‍ അദ്ദേഹത്തെ ഇഷ്ടപ്പെടാത്തത് പോലെ തന്നെ നമുക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാനും അവകാശമുണ്ട് . ഒരു കാര്യം ഉറപ്പിച്ചു പറയാം രജിത് സാര്‍ എന്നും നന്മയുടെ ഭാഗത്താണ്.
അദ്ദേഹത്തെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെക്ക് പോകുന്നു എന്ന് ചിലര്‍ എന്നോട് വിളിച്ചു പറഞ്ഞപ്പോള്‍ ഞാനവരോട് അങ്ങോട്ട് പോകേണ്ട അവിടെ പൊലീസ് ആരെയും കടത്തിവിടില്ല എന്നാണ് പറഞ്ഞത് . ഞാന്‍ വിചാരിച്ചത് രജിത് സാര്‍ വരുമ്പോള്‍ ജനം കൂടാന്‍ സാധ്യത ഉണ്ടന്നു പൊലീസ് മുന്‍കൂട്ടി മനസിലാക്കി മുന്‍കരുതല്‍ എടുക്കുമെന്നായിരുന്നു. പൊലീസിനെ പോലെ തന്നെ രജിത് സാറിനും ഇതിനെ പറ്റി അറിവുണ്ടായിരുന്നില്ല.
ആരാധന മൂത്ത് അപകടകരമാകുന്നതിലേക്ക് പോകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തില്‍. മദ്യശാലകള്‍, ബാങ്ക് തെരഞ്ഞെടുപ്പ്, പാര്‍ട്ടി മീറ്റിങ്, എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരോടും വിയോജിപ്പാണ്. കാരണം എയര്‍പോര്‍ട്ട് രാജ്യത്തിന്റെ എറ്റവും മര്‍മ്മ പ്രധാന സ്ഥലമാണ് , ഒപ്പം കോറോണ വൈറസുകള്‍ രാജ്യത്ത് കടന്നു വന്ന സ്ഥലവും. ജാഗ്രത വേണം തീര്‍ച്ച.
ഏതായാലും ബിഗ് ബോസിനെക്കുറിച്ച് ഇനി ഒരു ചര്‍ചക്ക് ഞാനില്ല, കാരണം രജിത് സാര്‍ പോയതോടെ ബിഗ് ബോസ് കാണല്‍ ഞാനും നിര്‍ത്തി.
GOOD BYE BIGBOSS
ആലപ്പി അഷറഫ്
Post Your Comments