കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി കോൺഗ്രസിനെ വല്ലാതെ അലട്ടി എന്നതിൽ സംശയമില്ല. ഇന്നാണ് അദ്ദേഹം പാർട്ടിവിട്ടത്; അതിനുമുൻപ് അദ്ദേഹം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു; അമിത് ഷായോടൊപ്പമാണ് നരേന്ദ്ര മോദിയെ സന്ദർശിച്ചത്. അതിനുശേഷമാണ് രാജി അറിയിപ്പുണ്ടായത്. കോൺഗ്രസിൽ തുടരുന്നത് കൊണ്ട് ജനങ്ങളെ സേവിക്കാനുള്ള അവസരങ്ങൾ ഇല്ലാതാവുന്നു എന്നതാണ് സിന്ധ്യ രാജിക്കത്തിൽ പറയുന്നത്. എന്നാൽ ഈ രാജിയുടെ പ്രത്യാഘാതം കോൺഗ്രസിനെ വല്ലാതെ ഉലക്കുകയാണ്. മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ നിലം പതിക്കുന്നു എന്നതാണ് അതിന്റെ ഏറ്റവും പ്രധാന കാര്യം. ഇപ്പൊൾ തന്നെ സർക്കാരിന് സഭയിൽ ഭൂരിപക്ഷം നഷ്ടമായിട്ടുണ്ട്.
230 അംഗ നിയമസഭയിൽ കോൺഗ്രസിനുണ്ടായിരുന്നത് 114 എംഎൽഎമാരാണ്. ബിജെപിക്ക് 109 പേരും. ബിഎസ്‌പിയിലെ നാലും സമാജ്‍വാദി പാർട്ടിയിലെ ഒരാളുടെയും പിന്തുണ കമൽനാഥിന് ലഭിച്ചതാണ്. അതിൽ ബിഎസ്‌പി അംഗങ്ങൾ ഇടക്കുവെച്ചു കോൺഗ്രസിൽ ലയിക്കുകയും ചെയ്തു. അതിനിടയിലാണ് സിന്ധ്യയുടെ കൂടെയുള്ള 22 എംഎൽഎ -മാർ രാജിവെച്ചത്. അതോടെ കോൺഗ്രസിനെ പിന്തുണക്കുന്നവരുടെ എണ്ണം 95 മാത്രമായി; ബിജെപിക്ക് 108 പേരുടെ പിന്തുണയുണ്ട്. 105 പേരുണ്ടെങ്കിൽ സഭയിൽ ഭൂരിപക്ഷമായി. അതുകൊണ്ട് കമൽനാഥ് സർക്കാർ രാജിവെച്ചാൽ പിറ്റേന്ന് ബിജെപിക്ക് സർക്കാരുണ്ടാക്കാൻ കഴിയും. എന്നാൽ തത്കാലം ബദൽ സർക്കാരിനെക്കുറിച്ച് തങ്ങൾ ആലോചിച്ചിട്ടില്ല എന്നതാണ് ശിവരാജ് സിങ് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞത്.
ഇവിടെ ശ്രദ്ധിക്കേണ്ടത്, ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പിന്നിൽ കോൺഗ്രസിലെ ആഭ്യന്തര കലാപമാണ് എന്നത് തന്നെയാണ്. കുറേനാളുകളായി ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിൽ അംഗീകാരത്തിനായി പൊരുതുകയായിരുന്നു . അത് പലവട്ടം സോണിയ – രാഹുൽ തുടങ്ങിയവരുമായി സംസാരിച്ചതും അവർ കുറെ ഉറപ്പുകൾ കൊടുത്തതുമാണ്. പിസിസി അധ്യക്ഷനാക്കണം, ഉപ മുഖ്യമന്ത്രി ആക്കണം എന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. രാജസ്ഥാനിൽ അതാണ് സംഭവിച്ചത്. രാജസ്ഥാൻ ഫോർമുല എന്തുകൊണ്ട് മധ്യപ്രദേശിൽ ആയിക്കൂടാ എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ സിന്ധ്യയെ ഒഴിവാക്കാനായി കമൽനാഥ് ദിഗ്‌വിജയ് സിങ്ങുമായി കൈകോർത്തു. ഒരുതരത്തിലും ഒരു സ്ഥാനവും മധ്യപ്രദേശ് രാഷ്ട്രീയത്തിൽ നൽകില്ല എന്നതായിരുന്നു അവരുടെ നിലപാട്. അതിനിടയിലാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് വരുന്നത്; മാർച്ച് 26 ന് . അവിടെയും താൻ തഴയപ്പെടുന്നു എന്നതാണ് സിന്ധ്യയെ വിഷമിപ്പിച്ചത്. ദിഗ്‌വിജയ് സിങ്ങിനും പിന്നെ ഒരു സീറ്റ് പ്രിയങ്കക്കും കൊടുക്കാൻ ആലോചന നടന്നു. ഇത് ഒരു ആസൂത്രിത നീക്ക,മാണ് എന്ന് തിരിച്ചറിഞ്ഞ സിന്ധ്യ സ്വന്തം നിലപാടെടുക്കുകയായിരുന്നു.
22- 25 എംഎൽഎമാരുടെ പിന്തുണ സിന്ധ്യ ഉറപ്പാക്കിയിരുന്നു.അവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് നീക്കിയശേഷമാണ് അദ്ദേഹം വീണ്ടും ഹൈക്കമാൻഡിനെ സമീപിച്ചത്. അപ്പോഴും പ്രതികരണം ഉണ്ടായില്ല. മാത്രമല്ല രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനങ്ങൾ പോലും പാലിക്കപ്പെടുന്നില്ല എന്ന് അദ്ദേഹത്തിന് തോന്നി. അപ്പോൾ പിന്നെ സ്വന്തം വഴി തേടുക മാത്രമായി പോംവഴി. ഇവിടെ ഓർക്കേണ്ടത്, 25 നിയമസഭാംഗങ്ങൾ കൂടെയുള്ള ഒരു മുതിർന്ന കോൺഗ്രസ് നേതാവിന്റെ അവസ്ഥയാണിത് എന്നതോർക്കുക.
ഇവിടെ ഓർക്കേണ്ടത്, ഇന്നിപ്പോൾ ജ്യോതിരാദിത്യ സിന്ധ്യ യഥാർഥത്തിൽ ഇപ്പോൾ സ്വന്തം കുടുംബത്തിലേക്ക് തിരിച്ചുവരികയാണ്. അദ്ദേഹത്തിന്റെ കുടുംബം മുഴുവൻ എത്രയോ ദശാബ്ദങ്ങളായി ജനസംഘം ആർഎസ്എസ് കുടുംബത്തിൽ അംഗമായിരുന്നു. രാജാമാതാ വിജയരാജ സിന്ധ്യ എന്ന മുത്തശ്ശി ജനസംഘത്തിനും ബിജെപിക്കും എന്നും ഒരു അമ്മയുടെ സ്ഥാനത്തായിരുന്നു. രാജമതയുടെ മക്കൾ ഇന്നും ബിജെപിയിലുണ്ട്; വസുന്ധര രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്നു. അനിയത്തി മധ്യപ്രദേശിൽ മന്ത്രിയും. ജ്യോതിരാദിത്യ സിന്ധ്യയുടെ അച്ഛനും ജനസംഘത്തിലായിരുന്നു…… അടിയന്തരാവസ്ഥ വരെ. അടിയന്തരാവസ്ഥക്കാലത്ത് രാജമതയെയും മക്കളെയും ഇന്ദിര ഗാന്ധി സർക്കാർ ജയിലിലടച്ചപ്പോൾ മകൻ മാധവറാവു സിന്ധ്യ ആകെ ഭയപ്പെട്ടുപോയി എന്നതാണ് സത്യം. അദ്ദേഹം പിന്നീട് കോൺഗ്രസിലെത്തി. മാധവറാവുവിന്റെ മരണശേഷമാണ് ജ്യോതിരാദിത്യ സിന്ധ്യ ആ റോൾ ഏറ്റെടുത്തത്. ഗ്വാളിയോറിലെ മഹാരാജാവാണ് അദ്ദേഹം എന്നത് ആ പ്രദേശത്ത് വലിയ സ്വാധീനമുണ്ടാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. എന്നിട്ടും കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഗുണ മണ്ഡലത്തിൽ അദ്ദേഹം തോറ്റു. അതൊക്കെയും ഒരു പുനര്ചിന്തനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കണം. സ്വന്തമായി ജനങ്ങളുടെ പിന്തുണയുള്ള നേതാക്കൾ കോൺഗ്രസിൽ കുറവാണ്; അത്തരമൊരാളാണ് സിന്ധ്യ എന്നത് പോലും ആ പാർട്ടിയുടെ തലപ്പത്തുള്ളവർ കണക്കിലെടുത്തില്ല.
ഇതിപ്പോൾ ഒരു സാധാരണ കോൺഗ്രസ് നേതാവ് രാജിവെക്കുന്നത് പോലെയല്ല. ഇത്രയേറെ പോപുലർ ആയ നേതാക്കൾ ആ പാർട്ടിയിൽ കുറവാണ് എന്നത് ആർക്കാണ് അറിയാത്തത്. ഈ ദശാബ്ദത്തിൽ അനവധി നേതാക്കൾ പാർട്ടി വിട്ട് പോയിട്ടുണ്ട്. എന്നാൽ അതിൽ ഏറ്റവും വലിയ നഷ്ടം ഇതാവുമെന്നതിൽ സംശയമില്ല. അത് മാധ്യമ നിരീക്ഷകർ സൂചിപ്പിച്ചുകഴിഞ്ഞു. മാത്രമല്ല അദ്ദേഹം വിചാരിച്ചാൽ അനവധി ഇതുപോലുള്ള നല്ല നേതാക്കളെ കോൺഗ്രസിൽ നിന്ന് പറിച്ചുനടാൻ കഴിയുമെന്നതും പ്രധാനമാണ്. ഈ രാജി കോൺഗ്രസിലുണ്ടാക്കിയത് ചെറിയ പ്രശ്നമല്ല. ഒരു ട്വീറ്റ് മാത്രം സൂചിപ്പിക്കാം…… രാഹുൽ ഗാന്ധിയോടൊപ്പമുള്ള ചിത്രം പ്രൊഫൈൽ ആക്കിയിട്ടുള്ള ഹരിയാനയിലെ കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്‌ണോയി പറയുന്നതാണ്……” സിന്ധ്യയുടെ രാജി വലിയ ആഘാതമാണ് പാർട്ടിക്കുണ്ടാക്കുക. അദ്ദേഹത്തെ പറഞ്ഞുമനസിലാക്കാൻ വിശ്വാസത്തിലെടുക്കാൻ പാർട്ടി നേതൃത്വത്തിന് കഴിയണമായിരുന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇതുപോലെ അസംതൃപ്തരായ അനവധി നേതാക്കൾ കോൺഗ്രസിലുണ്ട് ……… രണ്ടുതവണ ലോകസഭയിലും നാലുതവണ ഹരിയാന നിയമസഭയിലും അംഗമായ ആളാണ് അദ്ദേഹം. ഇതൊക്കെ കോൺഗ്രസിലെ പൊതുചിന്തയാണ്. അതുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ബിജെപിയെയും മോദിയെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സ്വന്തം വഴിപിഴച്ച നിലപാടുകളും വഴിവിട്ട ചിന്തകളുമാണ് ഇത്തരമൊരു അവസ്ഥയിൽ കോൺഗ്രസിനെ കൊണ്ടുചെന്നെത്തിച്ചത്.
Post Your Comments