അയോധ്യയിൽ പുതുതായി നിർമ്മിച്ച വിമാനത്താവളം ഡിസംബർ 30ന് ഉദ്ഘാടനം ചെയ്യും. ശ്രീരാമന്റെ ജീവിതയാത്രയെ ചിത്രീകരിക്കുന്നതാണ് പുതിയ വിമാനത്താവളമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പരമ്പരാഗത കലാരൂപങ്ങളെ പ്രതിഫലിപ്പിക്കുന്നതാകും വിമാനത്താവളമെന്നും അദ്ദേഹം വ്യക്തമാക്കി. ‘മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യധാം’ എന്ന് നാമകരണം ചെയ്യാൻ പോകുന്ന അയോധ്യ വിമാനത്താവളത്തിന്റെ പ്രധാന വിശദാംശങ്ങൾ ഇന്ത്യ ടുഡേയുമായി പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം. ഇതിഹാസമായ രാമായണത്തിന്റെ രചയിതാവായി ആഘോഷിക്കപ്പെടുന്ന ഇതിഹാസ കവി വാൽമീകിയുടെ പേരിലാണ് ഇനി വിമാനത്താവളം അറിയപ്പെടുക.
അയോധ്യ വിമാനത്താവളത്തിന് ആധുനിക സൗകര്യങ്ങളുണ്ടെന്നും മുൻഭാഗം ചരിത്രപരമായ വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണെന്നും സിന്ധ്യ പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെയും 500 വർഷം പഴക്കമുള്ള സ്വപ്നമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യാഥാർത്ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ചരിത്രവും സംസ്കാരവും ചിത്രീകരിക്കുന്ന ആധുനിക വിമാനത്താവളങ്ങൾ നിർമ്മിക്കണമെന്നത് പ്രധാനമന്ത്രി മോദിയുടെ പ്രമേയമായിരുന്നുവെന്ന് പറഞ്ഞ സിന്ധ്യ, 20 മാസത്തെ റെക്കോർഡ് സമയപരിധിക്കുള്ളിൽ വിമാനത്താവളം നിർമിക്കാൻ തങ്ങൾക്ക് കഴിഞ്ഞതായും കൂട്ടിച്ചേർത്തു.
വിമാനത്താവളം അയോധ്യയുടെ പ്രാദേശിക പൈതൃകം പ്രദർശിപ്പിക്കുകയും ആധുനിക സൗകര്യങ്ങൾ ഉണ്ടായിരിക്കുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിന്റെ ആദ്യഘട്ട നിർമാണത്തിന് ഏകദേശം 1450 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ജനുവരി 22ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഡിസംബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി നിർമിച്ച അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്യും.
Post Your Comments