തിരുവനന്തപുരം : ചവറ എംഎൽഎ എൻ. വിജയൻ പിള്ളയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളോട് അർപ്പണബോധത്തോടെ പ്രവർത്തിച്ച സഹസാമാജികനായിരുന്നു. ചവറ മേഖലയുടെ വികസനത്തിൽ പ്രത്യേകിച്ചും നിയമസഭാംഗമെന്ന നിലയിൽ കേരള വികസനത്തിന് പൊതുവിലും വലിയ സംഭാവനയാണ് അദ്ദേഹം നൽകിയത്. ജനങ്ങളുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റിയ പൊതു പ്രവർത്തകനായിരുന്നു. രണ്ടു ദശാബ്ദത്തിലേറെ പഞ്ചായത്ത് അംഗമായും ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച വിജയൻ പിള്ള ആശുപത്രിക്കിടക്കയിലും ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവതൽപ്പരനായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുലര്‍ച്ചെ മൂന്നിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് മാസമായി ഗുരുതരമായ കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. എംഎല്‍എ എന്‍. വിജയന്‍ പിള്ളയുടെ മൃതദേഹം കൊച്ചിയിൽ നിന്ന് അൽപ്പസമയത്തിനകം ചവറയിലേക്ക് കൊണ്ടു പോകും.. 11 മണിയോടെ കരുനാഗപ്പള്ളിയിൽ നിന്ന് വിലാപയാത്ര തുടങ്ങും. സിപിഎം ചവറ ഏരിയാ കമ്മിറ്റി ഓഫീസ്, എംഎല്‍എ ഓഫീസ്, ചവറ പഞ്ചായത്ത് എന്നിവടങ്ങളിൽ പൊതുദർശനത്തിന് വെക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് ഇടത് സ്വതന്ത്രനായാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രമുഖ വ്യവസായിയും സിഎംപി (അരവിന്ദാക്ഷൻ വിഭാഗം) നേതാവുമായിരുന്നു. ആര്‍എസ്പി ബേബി ജോണ്‍ വിഭാഗ നേതാവായിരുന്നു വിജയന്‍ പിള്ള, ബേബി ജോണ്‍ മരിച്ചപ്പോള്‍ കെ കരുണാകരന്‍ രൂപീകരിച്ച ഡിഐസിയില്‍ ചേര്‍ന്നു. ഡിഐസി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ ഒപ്പം പോകാന്‍ വിജയന്‍ പിള്ള തയ്യറായില്ല. 2006ല്‍ എന്‍കെ പ്രേമചന്ദ്രന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. എകെ ആന്റണി ആവശ്യപ്പെട്ടതനുസരിച്ച് പിന്നീട് കോണ്‍ഗ്രസിലെത്തി ഡിസിസി സെക്രട്ടറിയായി.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ മദ്യനയത്തെ തുടര്‍ന്നാണ് വിജയന്‍പിള്ള യുഡിഎഫില്‍നിന്ന് അകന്നത്. മദ്യവ്യവസായികള്‍ കോണ്‍ഗ്രസില്‍ വേണ്ടെന്ന കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍റെ പ്രസ്താവനയോടെ ഡിസിസി സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചു. ല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിനൊപ്പം ചേര്‍ന്ന് ചവറയില്‍ ഇടതുസ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയായിരുന്നു. പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നടത്തിയപ്പോള്‍ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദി പങ്കിട്ടു
Post Your Comments