മുംബൈ: വീരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ടി20 ഉദ്ഘാടന മത്സരത്തില്‍ വിന്‍ഡീസ് ലെജന്റ്‌സിനെതിരെ ഇന്ത്യ ലെജന്റ്‌സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ലെജന്റ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലെജന്റ്‌സ് ലക്ഷ്യത്തിലെത്തി.
ആരാധകരെ ഒരിക്കല്‍ കൂടി ആ പഴയ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നതായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ തുടക്കം. ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത് വീരേന്ദര്‍ സെവാഗും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 83 റണ്‍സടിച്ച് വിജയത്തിന് അടിത്തറയിട്ടു ശേഷം 29 പന്തില്‍ 36 റണ്‍സെടുത്ത് സച്ചിന്‍ പുറത്ത്
സച്ചിനുശേഷം വന്ന മുഹമ്മദ് കൈഫും(14), മന്‍പ്രീത് ഗോണിയും(0) നിരാശപ്പെടുത്തിയെങ്കിലും വീരുവിനൊപ്പം ചേര്‍ന്ന യുവരാജ് സിംഗ്(7 പന്തില്‍ 10 നോട്ടൗട്ട്) ഇന്ത്യയെ വിജയവര കടത്തി. 57 പന്തില്‍ 11 ബൗണ്ടറിസഹിതമാണ് സെവാഗ് 74 റണ്‍സെടുത്തത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി ശിവനരെയ്ന്‍ ചന്ദര്‍പോളാണ്(41 പന്തില്‍ 62) ബാറ്റിംഗില്‍ തിളങ്ങിയത്. ഡാരന്‍ ഗംഗ(24 പന്തില്‍ 32)യും വിന്‍ഡീസിനായി തിളങ്ങിയെങ്കിലും വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ 15 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി. കാള്‍ കൂപ്പര്‍(2), റിക്കാര്‍ഡോ പവല്‍(1), എന്നിവര്‍ നിരാശപ്പെടുത്തി. ഇന്ത്യക്കായി സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍, പ്രഗാന്‍ ഓജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Post Your Comments