തിരുവനന്തപുരം: കെ.എസ്. ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെത്തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ സമരക്കാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. സമരക്കാര്‍ കാട്ടിയത് അങ്ങേയറ്റം മര്യാദകേടാണെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സമരത്തെ തുടര്‍ന്ന് മരണപ്പെട്ട സുരേന്ദ്രന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ടി. സുരേന്ദ്രന്റെ മരണത്തോടെ ആ കുടുംബം അനാഥമായെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം ജനങ്ങളോട് നടത്തിയ യുദ്ധമാണ്. ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും ശമ്പളം നല്‍കി തീറ്റിപ്പോറ്റുമ്പോള്‍ ഇതൊന്നും ചിന്തിക്കാതെയുള്ള മര്യാദകേടാണ് കാട്ടിയതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തുന്നത് ജനങ്ങളുടെ നികുതിപ്പണം എടുത്താണ്. ഇത് അങ്ങേയറ്റം മര്യാദകേടാണ് കാട്ടിയതെന്നും പറഞ്ഞു.
ഒരുകാരണവശാലും ഇതിനെ ന്യായീകരിക്കാന്‍ പറ്റില്ലെന്ന് മാത്രമല്ല കര്‍ശനമായ നടപടികള്‍ ഈ അക്രമം കാണിച്ചവര്‍ക്കെതിരെ സ്വീകരിക്കേണ്ടതുണ്ട്. മനസാക്ഷിയില്ലാത്ത സമരമായിരുന്നു ഇന്നലത്തേത്. കിഴക്കേക്കോട്ട പോലെയുള്ള പ്രധാനവഴിയില്‍ വാഹനം തലങ്ങും വിലങ്ങും കൊണ്ടിട്ട് സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ നാട്ടുകാരുടെ ഗതാഗത സ്വതന്ത്ര്യം തടയുന്നത് പോലെയുള്ള കാര്യങ്ങള്‍ വെച്ചു പൊറുപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments