അഞ്ജു പാർവ്വതി പ്രഭീഷ്
ലോക സമാധാനവും ശാന്തിയും സമഭാവനയും ലക്‌ഷ്യങ്ങളുമായി ഐക്യരാഷ്ട്ര സഭ രൂപീകൃതമായിട്ട് മുക്കാൽ നൂറ്റാണ്ടാവുന്നു.. ലീഗ് ഓഫ് നേഷന്‍സ് എന്ന പരിശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് നീണ്ട ഇടവേളക്ക് ശേഷമാണ് ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ പ്രത്യാശയുടെ പുതിയ കിരണങ്ങള്‍ പകര്‍ന്നു നല്‍കി ഐക്യരാഷ്‌ട്ര സഭ നിലവില്‍ വന്നത്. രണ്ട് ലോകമഹായുദ്ധങ്ങള്‍ നല്‍കിയ ഭീതികരമായ ഓര്‍മ്മകളില്‍ നിന്നും രക്ഷ തേടിയ ലോക രാഷ്‌ട്രങ്ങള്‍ ഐക്യരാഷ്‌ട്ര സഭയില്‍ നിന്നും പ്രധാനമായും പ്രതീക്ഷിച്ചത് ലോകരാഷ്ട്രങ്ങൾക്കിടയിലെ യുദ്ധങ്ങളും തർക്കങ്ങളുമൊഴിഞ്ഞ് സമാധാനം പുലർത്താനുള്ള നിലപാടുകളാണ്. എന്നിട്ടോ? ഒന്നുമുണ്ടായില്ലെന്നു മാത്രമല്ല പലപ്പോഴും ഒരു നോക്കുകുത്തിപ്പോലെ വർത്തിക്കുന്ന ഐക്യരാഷ്ട്രസഭയെയാണ് ചരിത്രത്തിൽ കാണാൻ കഴിഞ്ഞിട്ടുള്ളത്.ലോകമെമ്പാടും കത്തിപ്പടരുന്ന യുദ്ധങ്ങളുടെ അസ്വസ്ഥതകളേയും തീവ്രവാദഭീഷണികൾക്കെതിരെയും ഒന്നും ചെയ്യാൻ കെല്ലില്ലാത്ത,ലോകപോലീസിനു മുന്നിൽ നട്ടെല്ലു വളച്ചു നില്ക്കുന്ന സംഘടനയാണ് ഇന്ന് പൗരത്വനിയമഭേദഗതിയെന്ന ഇന്ത്യയുടെ സ്വന്തം ആഭ്യന്തരവും ഭരണഘടനാപരവുമായ കാര്യത്തിൽ ഇടപെടലുമായി രംഗത്ത് വന്നിരിക്കുന്നതെന്നത് കാലത്തിന്റെ ഏറ്റവും വലിയ തമാശയാണ്.
അമേരിക്കയുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കടലാസ് സംഘടനയായി ഐക്യരാഷ്‌ട്ര സഭ അധപതിച്ചതായാണ് ലോക സമാധാനത്തിന്‍റെ കാവലാളായി മാറേണ്ടിയിരുന്ന പ്രസ്ഥാനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിമര്‍ശനം. മറ്റ് രാജ്യങ്ങളുടെ മേല്‍ അമേരിക്കന്‍ ഭരണകൂടം സംഹാരതാണ്ഡവം ആടുമ്പോള്‍ ഐക്യരാഷ്‌ട്ര സഭ കാഴ്ചക്കാരായി നോക്കി നില്‍ക്കേണ്ടി വരുന്നു എന്നത് നിഷേധിക്കാന്‍ കഴിയാത്ത ഒരു സത്യമായി എന്നേ ചരിത്രം അടയാളപ്പെടുത്തിക്കഴിഞ്ഞതാണ്. ലോകരാഷ്‌ട്രങ്ങള്‍ക്ക് ഒന്നാകെ ഭീഷണിയായിട്ടുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഐക്യരാഷ്‌ട്ര സഭക്ക് സ്വന്തമായ ഒരു കര്‍മ്മ പദ്ധതി ഇല്ലാത്ത സ്ഥിതി വിശേഷമാണ് ഇന്ന് നിലവിലുള്ളത്. കാലത്തിനനുസരിച്ച് കര്‍മ്മ പദ്ധതികളില്‍ ആവശ്യമായ വ്യതിയാനം വരുത്താന്‍ ഐക്യരാഷ്‌ട്ര സഭക്ക് കഴിയുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നത്.തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകരാഷ്‌ട്രങ്ങള്‍ക്ക് ഒന്നിക്കാവുന്ന വേദിയായി ഐക്യരാഷ്‌ട്ര സഭക്ക് എന്ത് കൊണ്ട് ഇതുവരെയും മാറാൻ കഴിയുന്നില്ല?ആയിരത്തിത്തൊള്ളായിരത്തി എൺപത്താറിനെ സമാധാന വർഷമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഐക്യരാഷ്‌ട്ര നടപടി ഉണ്ടായിരുന്നിട്ടും യഥാർത്ഥ സമാധാനം സാക്ഷാത്കരിക്കാൻ ഈ സംഘടനയ്ക്ക് കഴിഞ്ഞുവോ ?
സ്വന്തം സ്ഥാനം ഉറപ്പിക്കാൻ പെടാപ്പാടുപ്പെ ടുന്ന അമേരിക്ക, നഷ്‌ടപ്രതാപം വീണ്ടെടുക്കാൻ റഷ്യ, ഒന്നാംസ്‌ഥാനം മോഹിക്കുന്ന ചൈന, കൂടുതൽ അധികാരത്തിനും സ്ഥാനലബ്‌ധിക്കുമായി മത്സരിക്കുന്ന ഇടത്തരം ശക്തികൾ, കൊട്ടിയടയ്‌ക്കപ്പെടുന്ന അതിർത്തികൾ, ലംഘിക്കുന്ന ആഗോളകരാറുകൾ. ഇതാണ് സമകാലിക ലോകം. ഇവിടെ ഐക്യ രാഷ്ട്രസഭയ്ക്ക് എന്ത് ഇടപെടലുകളാണ് ഫലപ്രദമായി നടത്താൻ കഴിഞ്ഞിട്ടുള്ളത്.കേവലം കുറേ റിപ്പോർട്ടുകളല്ലാതെ എന്തെങ്കിലും സമാധാനം ലക്ഷ്യമിട്ടു ഈ സംഘടനയ്ക്ക് ചെയ്യുവാൻ കഴിയുന്നുണ്ടോ?
മരിച്ച കുഞ്ഞുമക്കളെ കൈയ്യിലേന്തി നില്‍ക്കുന്നവര്‍. മുറിവേറ്റ് പ്രാണനുംകൊണ്ട് ഓടുന്നവര്‍.തകര്‍ന്നു തരിപ്പണമായ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമിടയില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍.പിരമിഡുപോലെ കൂമ്പാരം കൂട്ടിയ ശവങ്ങള്‍. ഏതു നിമിഷവും മരണം പലതരത്തില്‍ ഇരച്ചുവരാമെന്നു പേടിച്ചിരിക്കുന്നവര്‍…കഴിഞ്ഞ ഏഴെട്ടു വർഷങ്ങളായി പത്ര ദൃശ്യ മാധ്യമങ്ങളില്‍ നാം വായിക്കുകയും കാണുകയും ചെയ്യുന്ന സിറിയന്‍ ദുരന്തങ്ങളാണിത്..നാലു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടു.11 ലക്ഷംപേര്‍ക്ക് പരിക്കേറ്റു.ഭവന രഹിതരായത് ഒരുകോടിയിലേറെപ്പേര്‍. ലക്ഷക്കണക്കിനു പേരാണ് വിശപ്പും രോഗവുംകൊണ്ടു വലയുന്നത്.കുട്ടികള്‍ സ്‌ക്കൂളുകളില്‍ പോയകാലം മറന്നു.യൂറോപ്പിലാകെ സിറിയന്‍ അഭയാര്‍ഥികള്‍ എല്ലാം ഇട്ടെറിഞ്ഞ് ബോംബിനും വെടിയുണ്ടകള്‍ക്കും ഇടയിലൂടെ ജീവനുംകൊണ്ടാടുകയാണ്. 2015 സെപ്തംബർ ആദ്യവാരം തുർക്കിയിലെ ബിച്ചിൽ കമിഴ്ന്ന് കിടന്ന ഐലൻ കുർദി എന്ന കുഞ്ഞിന്റെ മൃതദേഹം സമൂഹമനസ്സിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. യുദ്ധം മൂലമുള്ള അഭയാർത്ഥി പ്രവാഹത്തിന്റെ ദുരന്തമുഖം പുറത്തുകൊണ്ടുവരുന്നതായിരുന്നു ആ ചിത്രം. മദ്ധ്യധരണ്യാഴിയിലൂടെയായിരുന്നു അഭയാർത്ഥികളുടെ രക്ഷപ്പെടാനുള്ള യാത്ര. യൂറോപ്പിൽ അഭയം തേടി സിറിയയിൽ നിന്ന് പുറപ്പെട്ടവർ കയറിയ ബോട്ട്മുങ്ങിയാണ് ഐലൻ കുർദി എന്ന ആ പിഞ്ചുകുഞ്ഞു മരിച്ചത്.
ദുരിതങ്ങളുടെ പുതിയ വ്യാകരണം ചമച്ച് സിറിയ ആയുധങ്ങളുടെ കോമ്പല്ലില്‍ മനുഷ്യശരീരങ്ങളെ കോര്‍ത്തെടുക്കുകയും ചരിത്ര സ്മാരകങ്ങളുള്‍പ്പെടെ ആവാസ കേന്ദ്രങ്ങള്‍ പൊടിയാക്കുകയും ചെയ്യുമ്പോഴും പശ്മിമേഷൃ മുഴുവനാകെ യുദ്ധഭീകരത കൊടുമ്പിരിക്കൊള്ളുമ്പോഴും ഐക്യരാഷ്ട്ര സംഘടനയ്ക്ക് എന്ത് ചെയ്യാൻ കഴിയുന്നു.
സിറിയന്‍ സൈന്യവും വിമതരും തമ്മിലാണ് കലാപം എന്നു പറയുമ്പോഴും അതില്‍ മതന്യൂനപക്ഷവും മതഭൂരിപക്ഷവും സുന്നിയും ഷിയായും കുര്‍ദും ഇറാനും ഇറാക്കും ഉള്‍പ്പടെ പലതരം ചേരുവകളുണ്ട്.അതിനുള്ളില്‍ വന്‍ ചൂഷണം നടത്തുന്ന ഭീകരര്‍വേറെ.വലിയ അരുതായ്മയ്ക്കു വേണ്ടതൊക്കെ ഉണ്ടെന്നര്‍ഥം.. അറബ് വസന്തത്തിന്റെ മുല്ലപ്പൂ മണവുമായി ആദ്യം ടുണീഷ്യയിലും പിന്നീട് ഈജിപ്തിലും വീശിയ കാറ്റിന്റെ തുടര്‍ച്ച മറ്റൊരു വിധത്തിലായി തീര്‍ന്നതിന്റെ പരിണതിയായിരുന്നു സിറിയന്‍ പ്രശ്‌നത്തിന് പുതിയ കാമ്പായി മാറിയത്. സിറിയയില്‍ പക്ഷേ വസന്തത്തിനു പകരം കൊടും വേനലാണ് തിളച്ചത്,ഇന്നും അതു തിളച്ചുകൊണ്ടിരിക്കുന്നു. ഇത് ഒരു മതത്തിനുള്ളിലെ ആദ്യന്തര പ്രശ്നങ്ങളാണ്. ഇത് കാണാൻ കണ്ണില്ലാത്ത ഐക്യരാഷ്ട്രസഭയാണ് യുദ്ധത്തിനെതിരെ എന്നും ശബ്ദുയർത്തുന്ന ഭാരതത്തിന്റെ തികച്ചും സ്വകാര്യമായ ഒരു വിഷയത്തിൽ ഇടപെടൽ നടത്തുന്നത്.
യുദ്ധങ്ങളും സംഘർഷങ്ങളും അനുഭവിച്ചുകൊണ്ടാണ് പല രാജ്യങ്ങളിലും പുതിയ തലമുറ വളരുന്നത് എന്നത് അതീവ ദുഃഖകരമാണ്. അക്രമമല്ലാതെ അവർ മറ്റൊന്നും കാണുന്നില്ല. തങ്ങൾക്ക് ഒരു പങ്കുമില്ലാത്ത യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന അവർക്ക് നാളെയുടെ ലോകത്തിനു സമർപ്പിക്കാനുള്ളത് രക്തചൊരിച്ചിലുകൾ മാത്രമാണ്.അതിനെതിരെ ഒന്നും ചെയ്യാൻ കഴിയാതെ നോക്കുകുത്തിയായി നില്ക്കുന്ന ഐക്യരാഷ്ട്രസഭയോട് ഓരോ ഇന്ത്യക്കാരനും ചോദിക്കുന്നത് ഇതാണ്-എന്ത് പ്രഹസനമാണ് ഇത് സഭേ?
Post Your Comments