ന്യൂയോര്‍ക്ക്: യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഉന്നതതല യോഗത്തില്‍ ലോക നേതാക്കളോട് സംസാരിക്കണമെന്ന ആവശ്യവുമായി താലിബാന്റെ കത്ത്. താലിബാന്‍ വക്താവിന് യുഎന്‍ അംഗരാജ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ അനുമതി നല്‍കണമെന്ന ആവശ്യപ്പെട്ടുള്ള കത്ത് താലിബാന്റെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുട്ടാഖി യുഎന്‍ മേധാവി അന്റോണിയോ ഗുട്ടേറസിന് നല്‍കി.
തിങ്കളാഴ്ചയാണ് യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഉന്നത തലയോഗം അവസാനിക്കുന്നത്. ഈ യോഗത്തില്‍ താലിബാന്റെ ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വക്താവ് സുഹൈല്‍ ഷഹീന് ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. അഫ്ഗാനിലെ പ്രശ്നങ്ങള്‍ തുറന്നുപറയാനുള്ള അവസരം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം നിലവിലെ അഫ്ഗാന്‍ പ്രതിനിധിയായി ഐക്യരാഷ്ട്ര സഭയിലുള്ള ഗുലാം ഇസാക്സായിയെ താലിബാന്റെ പ്രതിനിധിയായി അംഗീകരിക്കാന്‍ കഴിയില്ലെന്നും യുഎന്നിന് നല്‍കിയ കത്തില്‍ താലിബാന്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 27ന് അവസാനിക്കുന്ന യോഗത്തില്‍ ഗുലാം ഇസാക്സായി ലോക നേതാക്കളെ അഭിസംബോധന ചെയ്യും. താലിബാന്റെ അപേക്ഷ ഏതെങ്കിലും ലോകരാജ്യങ്ങള്‍ അംഗീകരിക്കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
Post Your Comments