ന്യൂയോര്‍ക്ക്: ഐക്യ രാഷ്ട്രസഭയില്‍ ഇന്ത്യക്ക് സുപ്രധാന വിജയം. സാമ്പത്തിക, വരവ് -ചെലവ് കാര്യങ്ങളില്‍ ഐക്യരാഷ്ട്രസഭയ്ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഉപദേശക സമിതിയിലേക്ക് ഇന്ത്യന്‍ പ്രതിനിധിയും. നിലവില്‍ യുഎന്നില്‍ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി കൂടിയായ വിദിഷ മൈത്രയാണ് വോട്ടിംഗിലൂടെ യുഎന്‍ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ബജറ്ററി ക്വസ്റ്റിയന്‍സ് (ACABQ) ഉപദേശക സമിതിയിലേക്ക് വിജയിച്ചത്. 64നെതിരേ 126 വോട്ടുകള്‍ നേടിയാണ് വിദിഷ മൈത്ര സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഏഷ്യാ പസഫിക് മേഖലയില്‍ നിന്നുളള ഏക നോമിനിയായിരുന്നു വിദിഷ. 1946 ല്‍ സമിതി രൂപീകരിക്കപ്പെട്ടപ്പോള്‍ മുതല്‍ ഇന്ത്യയ്ക്ക് പ്രാതിനിധ്യം നല്‍കിയിരുന്നു. യുഎന്‍ അസംബ്ലിയില്‍ അവതരിപ്പിക്കപ്പെടുന്ന ബജറ്റ് പരിശോധിക്കുന്നത് ഉള്‍പ്പെടെയുളള ദൗത്യം നിര്‍വ്വഹിക്കുന്ന സമിതിയാണിത്. അംഗരാജ്യങ്ങള്‍ സാമ്പത്തിക സഹായങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോയെന്നും ഇതുമായി ബന്ധപ്പെട്ട് യുഎന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും വിലയിരുത്തുന്നതും ഈ സമിതിയാണ്.
നയതന്ത്ര ആസൂത്രണ മികവിലും പ്രതിരോധ ഏറ്റെടുക്കല്‍ വിഷയങ്ങളിലും വിദഗ്ധയായിരുന്ന വിദിഷ മൈത്ര അന്താരാഷ്ട്ര നികുതി വിഷയങ്ങളിലും നിക്ഷേപ, വ്യാപാര മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. യുഎന്‍ രക്ഷാസമിതിയില്‍ 2021-22 വര്‍ഷങ്ങളിലേക്ക് സ്ഥിരമല്ലാത്ത അംഗമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജൂണിലായിരുന്നു ഇതിനുളള വോട്ടെടുപ്പ്. ഏഷ്യാ പസഫിക് ഗ്രൂപ്പിലേക്കായിരുന്നു ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് വിദിഷ മൈത്ര നിര്‍ണായകമായ ഉപദേശക സമിതിയിലും അംഗമായിരിക്കുന്നത്.
മൂന്ന് വര്‍ഷമാണ് സമിതിയില്‍ വിദിഷ മൈത്രയുടെ അംഗത്വത്തിന്റെ കാലാവധി.നേരത്തെ 11 വര്‍ഷത്തോളം വിദേശകാര്യമന്ത്രാലയത്തിന് കീഴില്‍ നിരവധി ചുമതലകളില്‍ വിദിഷ മൈത്ര സേവനമനുഷ്ടിച്ചിരുന്നു. മേഖലാടിസ്ഥാനത്തിലും വ്യക്തിഗുണങ്ങളും പരിചയസമ്പത്തും അടിസ്ഥാനമാക്കിയാണ് ഉപദേശക സമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുക.
യുഎന്നില്‍ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നതിന് മുന്‍പ് പാരീസ്, പോര്‍ട്ട് ലൂയിസ് ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്ത്യന്‍ ദൗത്യങ്ങളുടെ ഭാഗമായിരുന്നു വിദിഷ മൈത്ര.ഭൂമിശാസ്ത്രപരമായ പ്രതിനിധ്യം, വ്യക്തിഗത യോഗ്യത, പരിചയ സമ്പത്ത് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
Post Your Comments