Latest NewsArticleKeralaNewsPrathikarana VedhiWriters' Corner
Trending

നട്ടെല്ലില്‍ വാഴപ്പിണ്ടിയും വായില്‍ ചണ്ടിയുമാണെങ്കിൽ മന്ത്രിയായാലും മന്ത്രി സഭയിലെ രണ്ടാമനായാലും ഏത് ജയരാജന്മാർക്കും ആരെയും “കള്ള റാസ്ക്കൽ ” എന്ന് വിളിക്കാം .

ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ് രാഷ്ട്രീയ നേതാക്കള്‍ പ്രത്യേകിച്ചും ജനപ്രതിനിധികള്‍. ഒരു രാഷ്ട്രീയപ്പാർട്ടിയുടെ വക്താവായിരിക്കുമ്പോൾ മൈതാന പ്രസംഗത്തിനു കയ്യടി കിട്ടാനും അണികളിൽ നിന്നും ആരവങ്ങൾ കേൾക്കാനും എതിരാളികൾക്കെതിരെ എല്ലില്ലാത്ത നാവുക്കൊണ്ട് പലതും പറയാൻ പറ്റുമായിരിക്കും .എന്നാൽ നികുതിദായകരുടെ ചെലവിൽ ജീവിക്കുമ്പോൾ വാക്കുകൾക്കും വാചകങ്ങൾക്കും മതിലു കെട്ടേണ്ടതുണ്ട്.

അഞ്ജു പാർവ്വതി പ്രഭീഷ് 

ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായാണല്ലോ നിയമനിര്‍മാണ സഭകള്‍ വാഴ്ത്തപ്പെടുന്നത്. എന്നാൽ കേരള നിയമസഭ കഴിഞ്ഞ കുറേ നാളുകളായി ആഭാസത്തിന്റെയും അരാജകത്വത്തിന്റെയും വെളിയിടങ്ങളായി മാറിയിരിക്കുകയാണ്.നാം തിരഞ്ഞെടുത്തുവിട്ട രാഷ്ട്രീയകേസരികളിൽ ചിലർ വെറും നാലാംകിട കേഡികളായി അധികാരക്കസേരകളിൽ അഴിഞ്ഞാടുകയാണ്. പൊതുജനങ്ങൾ മതിപ്പുക്കൊടുക്കുന്ന ഒരു പദവിക്കു തങ്ങൾ തീർത്തും അധികപ്പറ്റുകളാണെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന ദയനീയ കാഴ്ചകളുടെ തത്സമയ സംപ്രേക്ഷണങ്ങൾക്കു സാക്ഷിയാകേണ്ട ഗതികേടിലാണ് കേരളീയ സമൂഹം ഇന്നെത്തി നില്ക്കുന്നത്. പൊതുസമൂഹത്തിന്റെ സാംസ്‌കാരിക ബോധത്തിനു മേല്‍ കാര്‍ക്കിച്ചുതുപ്പിയ ഒര കാഴ്ചയ്ക്ക് ഇന്നലെ സാക്ഷിയാകേണ്ടി വന്നു സംസ്കാരസമ്പന്നതയുടെ പര്യായമെന്നു വാഴ്ത്തിപ്പാടുന്ന കേരളത്തിലെ ശതോത്തര രജതജൂബിലി ആഘോഷിച്ച നിയമനിർമ്മാണ സഭയ്ക്ക്.

നട്ടെല്ലില്‍ വാഴപ്പിണ്ടിയും വായില്‍ ചണ്ടിയുമായി ഒരു ജനപ്രതിനിധി ഇന്നലെ ആക്രോശിച്ചുക്കൊണ്ട് പ്രതിപക്ഷത്തിനുനേരേ കടിച്ചുതുപ്പിയ ഒരു വാക്കായിരുന്നു ‘ കള്ള റാസ്ക്കൽ’. പഠിച്ചതേ പാടൂ എന്നൊരു നാടൻ ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ. അതാണിവിടെയും സംഭവിച്ചത്. പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ നിലപാടിനെതിരെ നിയമസഭയില്‍ അരങ്ങേറിയ നാടകീയ രംഗങ്ങൾക്കിടയിലാണ് ഈ പദപ്രയോഗം. വിടുവായത്തമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ മുഖ്യമന്ത്രിയുടെ തൊട്ടടുത്തിരുന്ന ഇ.പി. ജയരാജന്‍ സട കുടഞ്ഞു ചാടിയെഴുന്നേൽക്കുകയായിരുന്നു. ‘ കള്ളറാസ്‌കല്‍, നീ ആരാടാ എന്ന ഇ പിയുടെ ചോദ്യം മുഖ്യമന്ത്രിയുടെ മൈക്കിലൂടെ സഭയിൽ മുഴങ്ങി കേട്ടു.

ഹീനഭാഷാപ്രയോഗം വിപ്ലവപ്പാർട്ടിയെ സംബന്ധിച്ചിടത്തോളം പുത്തരിയല്ല.ഗ്രാമ്യഭാഷയുടെ ഉപജ്ഞാതാവായ മണിയാശാൻ ഇടയ്ക്കും മുറയ്ക്കും അത് ഉപയോഗിക്കാറുണ്ട് താനും.പക്ഷേ നിയമസഭയ്ക്കുള്ളിൽ നാവിനെ മണി കെട്ടിയിടാൻ അദ്ദേഹം ശ്രമിക്കാറുണ്ട്.എന്നാൽ കണ്ണൂർ സഖാക്കൾക്ക് നിയമസഭയും നിലം പോരും ഒന്നുതന്നെ.. ഇത്തരം ഭാഷാപ്രയോഗങ്ങളിലൂടെ അവർ തങ്ങളുടെ സംസ്കാരശൂന്യത പൊതുസമൂഹത്തിനു മുന്നിൽ തുറന്നുക്കാട്ടുകയാണ്. ഉപയോഗിക്കുന്ന വാക്കിന്റെ അടിസ്ഥാനത്തില്‍ നാം ആളുകളെ വിലയിരുത്താറുണ്ട്.ഒരു വ്യക്തി അപരന് നല്‍കുന്ന പരിഗണനയാണ് സംസ്‌കാരം എന്ന് അറിവുള്ളവര്‍ പറയാറുണ്ട്.സംസ്കാരം എന്നുള്ളത് ഒരാൾക്ക് സ്വന്തം കുടുംബത്തിൽ നിന്നും പകർന്നുകിട്ടുന്നതാണ്.സംസ്കാരസമ്പന്നർ കുടിലിലുമുണ്ട് കൊട്ടാരത്തിലുമുണ്ട്.പണമോ പദവിയോ അല്ല അതിന്റെ അടിത്തറ. വിദ്യാഭ്യാസമല്ല മറിച്ച്‌ സംസ്കാരമായിരിക്കണം ഭാഷാപ്രയോഗത്തിന്റെ അളവുകോൽ.

സംസ്‌കാര സമ്പന്ന സംസ്ഥാനമെന്ന് പറയപ്പെടുന്ന കേരളത്തിന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു കേരള നിയമസഭയിലെ 2015 ലെ ബജറ്റവതരണവും പ്രതിപക്ഷ പ്രതിഷേധവും. അന്നും പ്രശ്നമുണ്ടാക്കിയത് ഇതേ വിപ്ലവപ്പാർട്ടിയായിരുന്നു.മുണ്ട് മടക്കിക്കുത്തി സഭയിലെ മേശകള്‍ക്കു മുകളില്‍ കയറിയും സ്പീക്കറുടെ കസേര വലിച്ചു പുറത്തേക്കിട്ടും അടിച്ചും ഇടിച്ചും പൊതുമുതല്‍ നശിപ്പിച്ചും താണ്ഡവമാടുകയായിരുന്നു സഖാക്കൾ.പിന്നീട് അതേ പാർട്ടി അധികാരത്തിൽ വന്നപ്പോൾ ആ കേസ് ഇല്ലാതെയായി.കാരണവർക്ക് അടുപ്പിലും ആകാമല്ലോ!

ജനങ്ങള്‍ക്കു വേണ്ടി ഭരണം നടത്താന്‍ ജനങ്ങള്‍ വോട്ടുചെയ്തു നിയമസഭയിലേക്കയച്ചവരാണ് ഇത്തരം പേക്കൂത്തുക്കൾ കാട്ടുന്നത്. ഭരണഘടനാ സ്ഥാപനമാണ് നിയമസഭ. അപ്പോൾ അവിടെ ഭരണഘടന അനുശാമ്പിക്കുന്ന രീതിയിലാവണം ഇടപെടലുകൾ.അല്ലെങ്കിലത് ഭരണഘടനയെ അപമാതിക്കുന്നതിനു തുല്യമാണ്. പൗരത്വഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ ഭരണഘടനയെ നാഴികയ്ക്ക് നാല്ലതുവട്ടം സ്മരിച്ചവർക്ക് ഭരണഘടനാ സ്ഥാപനമായ നിയമസഭയിൽ എങ്ങനെ പെരുമാറണമെന്നുപ്പോലും അറിയില്ലായെന്നത് പരമനാണക്കേടാണ്.

നിയമ നിര്‍മാണ സഭകള്‍ക്കും അംഗങ്ങള്‍ക്കും സഭാ സമിതികള്‍ക്കും ഭരണഘടന പ്രത്യേക അവകാശങ്ങളും സംരക്ഷണങ്ങളും വ്യവസ്ഥ ചെയ്തത്, അംഗങ്ങളില്‍ നിക്ഷിപ്തമായ സഭയിലെ ഉത്തരവാദിത്വ നിര്‍വഹണത്തിന് സഹായകമായിട്ടാണ്. അല്ലാതെ അതിനകത്ത് എന്തും കാണിക്കുന്നതിനോ പറയുന്നതിനോ ഉള്ള ലൈസന്‍സായിട്ടല്ല. പുതു തലമുറക്ക് രാഷ്ട്രീയത്തോട് അവജ്ഞ ജനിപ്പിക്കുന്നതും അരാഷ്ട്രീയ ചിന്ത വളര്‍ത്തുന്നതും നേതാക്കളുടെ ഇത്തരം ചെയ്തികളാണെന്ന് മറന്നുപ്പോകരുത്. ഇത്തരം നേതാക്കന്മാർക്ക് നായകപരിവേഷം കൊടുക്കുന്ന പിൻഗാമികളാണ് ചോദ്യപേപ്പർ ചോർത്തുന്നതും ഉറയില്ലാത്ത കോളേജ് മാഗസീനുകൾ ഇറക്കുന്നതും .കാരണം അവർ പഠിക്കുന്ന നവോത്ഥാനം നിങ്ങളിലൂടെയാണല്ലോ.

ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ് രാഷ്ട്രീയ നേതാക്കള്‍ പ്രത്യേകിച്ചും ജനപ്രതിനിധികള്‍. ഒരു രാഷ്ട്രീയപ്പാർട്ടിയുടെ വക്താവായിരിക്കുമ്പോൾ മൈതാന പ്രസംഗത്തിനു കയ്യടി കിട്ടാനും അണികളിൽ നിന്നും ആരവങ്ങൾ കേൾക്കാനും എതിരാളികൾക്കെതിരെ എല്ലില്ലാത്ത നാവുക്കൊണ്ട് പലതും പറയാൻ പറ്റുമായിരിക്കും .എന്നാൽ നികുതിദായകരുടെ ചെലവിൽ ജീവിക്കുമ്പോൾ വാക്കുകൾക്കും വാചകങ്ങൾക്കും മതിലു കെട്ടേണ്ടതുണ്ട്.അല്ലെങ്കിൽ പൊതുജനം നിങ്ങൾക്കെതിരെ വൻമതിലു കെട്ടാൻ തുടങ്ങും.അങ്ങനെ കെട്ടിത്തുടങ്ങിയതുക്കൊണ്ടാണല്ലോ അങ്ങ് ഇന്ദ്രപ്രസ്ഥത്തിലെ ശ്രീകോവിലിൽ ഒരൊറ്റ കസേരയിൽ മൂലയ്ക്ക് ഇരിക്കേണ്ടി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button