അഹമ്മദാബാദ്: ഗുജറാത്ത് റെയില്‍വേ പൊലീസ് പുറത്തിറക്കിയ ‘സുരക്ഷിത് സഫര്‍’ എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ ഇന്ത്യന്‍ ട്രെയിനിന്റെ ചിത്രത്തിന് പകരം പാകിസ്താനി ട്രെയിനിന്റെ ചിത്രം. യാത്രക്കാരുടെ സുരക്ഷയ്ക്കായാണ് ഗുജറാത്ത് റെയില്‍വേ പൊലീസ് മൊബൈല്‍ അപ്ലിക്കേഷന്‍ ആരംഭിച്ചത്. പച്ച നിറത്തിലുള്ള ട്രെയിന്‍ എഞ്ചിന്റെ ഫോട്ടോയാണ് ആപ്ലിക്കേഷന്റെ ഡാഷ്‌ബോര്‍ഡില്‍ ഉപയോഗിച്ചത്. എന്നാല്‍ ചിത്രം ഇന്ത്യന്‍ ട്രെയിനിന്റെ അല്ലെന്ന് തിരിച്ചറിഞ്ഞതോടെ സംഭവം വിവാദമായി. ഇതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍.
‘ ആപ്ലിക്കേഷന്‍ ആകര്‍ഷമാക്കാനാണ് ആപ്പ് ഡെവലപ്പര്‍ പാകിസ്ഥാനി ട്രെയിനിന്റെ ചിത്രം ഉപയോഗിച്ചത്. ആപ്ലിക്കേഷന്റെ ഡാഷ്ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട പച്ച നിറമുള്ള റെയില്‍വേ എഞ്ചിന്‍ പാകിസ്ഥാന്റാതാണെന്ന് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളാണ് ചൂണ്ടിക്കാട്ടിയത്. സംഭവമറിഞ്ഞ ഗുജറാത്ത് റെയില്‍വേ പൊലീസ് ഇത് പരിശോധിക്കുകയും, തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ ചിത്രം നീക്കം ചെയ്യുകയും ചെയ്തു. മനപൂര്‍വമല്ലാതെ സംഭവിച്ച തെറ്റാണത്’ സി.ഐ.ഡി ക്രൈം ആന്‍ഡ് റെയില്‍വേ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഗൗതം പര്‍മര്‍ വിശദീകരിച്ചു.
ഫെബ്രുവരി 29നാണ് ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ ആപ്ലിക്കേഷന്‍ പുറത്ത് വിട്ടത്. ലഹരി വസ്തുക്കളോ മനുഷ്യക്കടത്തോ നടക്കുന്നതായി പൊലീസിനെ അറിയിക്കുവാനും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. അടിയന്തര സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് റെയില്‍വേ പൊലീസിനെ ബന്ധപ്പെടാന്‍ സഹായിക്കുന്നതാണ് ആപ്ലിക്കേഷന്‍.
Post Your Comments