ന്യൂ ഡൽഹി: ഡൽഹി കലാപത്തില്‍ വെടിയേറ്റും വെന്തും കുറേപ്പേർക്ക് ജീവൻ നഷ്ടമായപ്പോൾ ബുള്ളറ്റിലെത്തി നിരവധി മുസ്ലിംകളെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിച്ച് സിഖ് മതവിശ്വാസികളായ അച്ഛനും മകനും വേറിട്ട വ്യക്തിത്വങ്ങളാകുന്നു.
കലാപം നടന്നപ്പോൾ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ വടക്കു കിഴക്കന്‍ ദില്ലിയിലെ ഗോകുല്‍പുരിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കര്‍ദംപൂരിലേക്ക് മുസ്ലിം കുടുംബങ്ങളെ ബുള്ളറ്റിലും സ്കൂട്ടറിലും നിരവധി തവണകളായി മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു മൊഹീന്ദര്‍ സിങും മകന്‍ ഇന്ദര്‍ജിത് സിങും. ഇന്ദര്‍ജിത് സിങ് ബുള്ളറ്റിലും പിതാവ് 55കാരനായ മൊഹീന്ദര്‍ സിങ് സ്കൂട്ടറിലുമായി 20 തവണയോളം ഗോകുല്‍പുരിയില്‍ നിന്ന് കര്‍ദംപൂരിലേക്കും തിരിച്ചും പാഞ്ഞു. ഒരു മണിക്കൂറിനിടെയായിരുന്നു മതം മറന്ന് മനുഷ്യരായുള്ള ഈ യാത്ര.
ചില മുസ്ലിം യുവാക്കളെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്താനായി സിഖ് തലപ്പാവുകള്‍ അണിയിച്ചു. ‘ഹിന്ദുവിനെയോ മുസ്ലിമിനെയോ ഞാന്‍ കണ്ടില്ല’ എന്നാണ് ഇലക്ട്രോണിക്സ് കട നടത്തുന്ന മൊഹീന്ദറിന് പറയാനുള്ളത്. മനുഷ്യരെ മാത്രമാണ് കണ്ടതെന്ന മൊഹീന്ദറിന്‍റെ വാക്കുകളില്‍ ജ്വലിക്കുന്നത് കെട്ടുപോകാത്ത മതേതരത്വത്തിന്‍റെ അഗ്നിയാണ്, അതൊരു പ്രതീക്ഷയും കൂടിയാണ്. മൂന്നു മുതല്‍ നാലുവരെ സ്ത്രീകളെയും കുട്ടികളെയും ഒറ്റ തവണ രക്ഷപ്പെടുത്തി. രണ്ടു മുതല്‍ മൂന്ന് വരെ പുരുഷന്‍മാരെയും ഒരു പ്രാവശ്യം ഗോകുല്‍പുരിയില്‍ നിന്നുള്ള യാത്രയില്‍ കൂടെക്കൂട്ടിയെന്ന് മൊഹീന്ദര്‍ സിങ് പറയുന്നു.
Post Your Comments