
ബറേലി: പൗരത്വ ദേദഗതി നിയമം (സിഎഎ) ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് എതിരല്ലെന്ന് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദീൻ റസ്‌വി ബറേൽവി. പൗരത്വ ദേദഗതി നിയമം സംബന്ധിച്ച് ചില ആളുകൾ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ദേദഗതി നിയമത്തെ സ്വാഗതം ചെയ്യുന്നെന്നും മൗലാന ഷഹാബുദീൻ റസ്‌വി ബറേൽവി വ്യക്തമാക്കി.
‘കേന്ദ്രസർക്കാർ സിഎഎ നടപ്പാക്കി. ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ മുസ്ലീം ജനവിഭാഗങ്ങൾക്കിടയിൽ നിയമത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണയുണ്ട്. ഈ നിയമവും മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ല. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ അക്രമം നേരിടുന്നവർക്ക് പൗരത്വം നൽകാൻ മുൻപ് നിയമം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോൾ ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഒരു മുസ്‌ലിമിന്റെ പോലും പൗരത്വം ഇതുമൂലം ഇല്ലാതാകില്ല. മുൻവർഷങ്ങളിൽ വലിയ പ്രതിഷേധം ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. ചില ആളുകൾ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണ്.’ – ഷഹാബുദീൻ റസ്‌വി പറഞ്ഞു.
ഇന്നലെയാണ് ദേശീയ പൗരത്വ നിയമം നിലവിൽ വന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. പൗരത്വം രജിസ്റ്റർ ചെയ്യാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അടങ്ങിയ വെബ് പോർട്ടലും നിലവിൽ വന്നതായി ഇന്നലെ കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനത്തിലുണ്ട്. പൗരത്വത്തിന് സംസ്ഥാന സർക്കാരുകളുടെ ഇടപെടലില്ലാതെ അപേക്ഷിക്കാനാണ് വെബ് പോർട്ടൽ. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ തുടങ്ങി മുസ്ളിം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ള നിയമമാണിത്.
Post Your Comments