Latest NewsNewsIndia

രാജ്യത്തിന് ഭീഷണിയായ ആര്‍.എസ്.എസിനെ സാമൂഹ്യമായി ഒറ്റപ്പെടുത്തണം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്•രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജ്യത്ത് ശക്തിപ്പെട്ട ആര്‍.എസ്.എസ് വിരുദ്ധ മനോഭാവത്തെ അക്രമപ്രവര്‍ത്തനങ്ങളിലൂടെ അടിച്ചമര്‍ത്താനുള്ള സംഘപരിവാര നീക്കത്തെ ജനകീയ ചെറുത്തുനില്‍പ്പിലൂടെ പരാജയപ്പെടുത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. മുസ്‌ലിം ഉ•ൂലനം ലക്ഷ്യമിട്ടുള്ള കലാപമാണ് സംഘപരിവാരം ഡല്‍ഹിയില്‍ അഴിച്ചുവിട്ടിരിക്കുന്നത്. പൗരന്‍മാരുടെ സ്വത്തിനും ജീവനും ഭീഷണിയായി മാറിയിരിക്കുന്ന ആര്‍.എസ്.എസിനെ സാമൂഹ്യമായി ഒറ്റപ്പെടുത്തേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ അസംബ്ലി പുത്തനത്താണി മലബാര്‍ ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ ഹിന്ദുത്വ താല്‍പ്പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടി അധികാര സ്ഥാപനങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും പൂര്‍ണതോതില്‍ സംഘപരിവാരം ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. കോടതികളുടെയും ഭരണഘടനാസ്ഥാപനങ്ങളുടെയും വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് ഇത്തരം ഇടപെടലുകള്‍ എത്തിയിരിക്കുന്നു. രാജ്യത്തിന്റെ ജനാധിപത്യാടിത്തറക്കു തന്നെ ഭീഷണിയായിരിക്കുന്ന ഈ ഘട്ടത്തില്‍ പോലും അര്‍.എസ്.എസിനെ തുറന്നെതിര്‍ക്കാന്‍ തയ്യാറാവാതെ, സി.പി.എം ഉള്‍പ്പടെയുള്ളവര്‍ അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്. ഹിന്ദുത്വ ഫാഷിസം രാജ്യത്തിന് സൃഷ്ടിക്കുന്ന ഭീഷണിയെ കുറിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കിയ മുന്നറിയിപ്പുകള്‍ കാലം ശരിവച്ചിരിക്കുകയാണ്. സംഘടന ഉയര്‍ത്തിയ മുദ്രാവാക്യങ്ങളാണ് ഇന്ന് രാജ്യം ഏറ്റുവിളിക്കുന്നത്. ഇത് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഒറ്റപ്പെടുത്തലുകള്‍ക്കുള്ള ആഹ്വാനങ്ങളെ തള്ളിക്കളഞ്ഞ് അടിസ്ഥാന ജനവിഭാഗങ്ങള്‍ പോപുലര്‍ ഫ്രണ്ടിനൊപ്പം അണിനിരക്കുന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, സെക്രട്ടറിമാരായ എ അബ്ദുല്‍ സത്താര്‍, പി കെ അബ്ദുല്‍ ലത്തീഫ്, ട്രഷറര്‍ എം കെ അശ്‌റഫ് ചര്‍ച്ച നിയന്ത്രിച്ചു.

ഫോട്ടോ കാപ്ഷന്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ അസംബ്ലി പുത്തനത്താണി മലബാര്‍ ഹൗസില്‍ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് വേദിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button