Latest NewsNewsIndia

രാജ്യദ്രോഹക്കേസ്: കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കെജ്‌രിവാള്‍ അനുമതി നല്‍കി

ന്യൂഡല്‍ഹി•രാജ്യദ്രോഹക്കേസില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ വിചാരണ നേരിടണം. പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി.

2016 ല്‍ ജെ .എന്‍.യു വിദ്യാര്‍ത്ഥി നേതാവായിരിക്കെ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന കേസിലാണ് നടപടി. കേസില്‍ കനയ്യ കുമാറിനെയും മറ്റു 9 പേരെയും പ്രോസിക്യൂട്ട് ചെയ്യാനാണ് കെജ്‌രിവാള്‍ നയിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

2016 ലെ ജവഹർലാൽ നെഹ്‌റു സർവകലാശാല രാജ്യദ്രോഹക്കേസിൽ കനയ്യയ്‌ക്കെതിരെ പ്രോസിക്യൂഷൻ അനുവദിക്കുന്നത് സംബന്ധിച്ച് എത്രയും വേഗം തീരുമാനം എടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വാഗ്ദാനം ചെയ്തതിന് ഒൻപത് ദിവസത്തിന് ശേഷമാണ് അനുമതി.

ഫെബ്രുവരി 19 ന് കനയ്യ കുമാറിനെയും മറ്റുള്ളവരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കുന്ന വിഷയത്തിലെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഡല്‍ഹി കോടതി ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹി സർക്കാരിന് നോട്ടീസ് അയയ്ക്കാനും കോടതി ഡല്‍ഹി പോലീസിന് നിർദേശം നൽകിയിരുന്നു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേസിലെ വാദം കേൾക്കുന്നതിനിടെ, ആദ് ആദ്മി പാർട്ടി (ആം ആദ്മി) സർക്കാർ അനുമതി നല്‍കുന്നതില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പറഞ്ഞിരുന്നു.

2002 ലെ പാർലമെന്റ് ആക്രമണ കേസിലെ കുറ്റവാളിയായ അഫ്സൽ ഗുരുവിന്റെ വധശിക്ഷയ്ക്കെതിരായ പ്രതിഷേധ പരിപാടിക്കിടെ ജവഹർലാൽ നെഹ്‌റു സർവകലാശാല കാമ്പസിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button