തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണം യാഥാര്‍ത്ഥ്യമായി. ഇത് സംബന്ധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയില്‍ ആറ് ഉദ്യോഗാര്‍ഥികളെ സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം നല്‍കി നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ നല്‍കിയതായി മന്ത്രി പറഞ്ഞു.
ഇവര്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സംവരണ വ്യവസ്ഥ പ്രകാരം നിലവിലുള്ള 64 ഒഴിവുകളിലേക്ക് 12 ഈഴവര്‍ക്കും, ആറ് പട്ടികജാതിക്കാര്‍ക്കും, പട്ടികവര്‍ഗ, വിശ്വകര്‍മ, ധീവര സമുദായങ്ങളിലെ ഓരോ ആള്‍ക്കും നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ രണ്ട് പേര്‍ക്കും ഒരു വിമുക്തഭടനും സംവരണം നല്‍കിയിട്ടുണ്ട്. ഭിന്നശേഷി സംവരണം ബോര്‍ഡില്‍ നടപ്പിലാക്കുന്നത് ആദ്യമായാണ്.
ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയില്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ മെയിന്‍ ലിസ്റ്റില്‍ 169 പേരാണുള്ളത്. പട്ടികയില്‍ 38 പേര്‍ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും സംവരണത്തിന് അര്‍ഹതയുള്ളവരുമാണ്. സപ്ലിമെന്ററി ലിസ്റ്റില്‍ 17 പേര്‍ സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ളവരാണ്.
Post Your Comments