ദുബായ്: ആശങ്ക പടര്‍ത്തി ഗള്‍ഫില്‍ 110 പേര്‍ക്ക് കൊറോണ. ഇറാനാണ് വൈറസിന്റെ പ്രഭവകേന്ദ്രം. ഇതോടെ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍നടപടികള്‍ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കൂടുതല്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഇറാനിലേക്കുള്ള എല്ലാ വിമാനസര്‍വീസും ചൊവ്വാഴ്ചമുതല്‍ ഒരാഴ്ചത്തേക്ക് യു.എ.ഇ. നിര്‍ത്തിവെച്ചു. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. യാത്ര ഒഴിവാക്കാന്‍ തയ്യാറുള്ളവര്‍ക്ക് ടിക്കറ്റിനായി നല്‍കിയ മുഴുവന്‍ തുകയും തിരികെ നല്‍കണം. നോണ്‍ റീഫണ്ടബിള്‍ വിഭാഗത്തിലുള്ള വിമാന ടിക്കറ്റുകള്‍ക്ക് പുതിയ തീയതി നല്‍കണം എന്നീ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.
ദുബായില്‍നിന്നും ഷാര്‍ജയില്‍നിന്നുമുള്ള വിമാനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ 48 മണിക്കൂര്‍നേരത്തേക്ക് ബഹ്റൈന്‍ നിര്‍ത്തിവെച്ചിരുന്നു. വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബഹ്റൈന്‍ വ്യോമയാനവകുപ്പ്(സി.എ.എ.) ‘ട്വീറ്റ്’ചെയ്തു.
ഇറാനില്‍ 50 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. എന്നാല്‍, 15 പേര്‍മാത്രമാണ് മരിച്ചതെന്നും 61 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നുമാണ് ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ബഹ്റൈനില്‍ 17, യു.എ.ഇ.യില്‍ 13, കുവൈത്തില്‍ എട്ട്, ഒമാനില്‍ നാല്, ഇറാഖില്‍ നാല്, ഈജിപ്ത്, ലെബനന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍വീതവുമാണ് വൈറസ് ബാധിതരായിരിക്കുന്നത്.ഇവിടങ്ങളില്‍ നിരവധി പേര്‍ നിരീക്ഷണത്തിലുമാണ്.
അതേസമയം കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 2700 ആയി. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 80,000 ആയി വര്‍ധിച്ചിട്ടുണ്ട്. പുതിയതായി 95 പേരാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. അതേസമയം, രോഗം പടര്‍ന്ന് പിടിക്കുന്നവരുടെ എന്നതില്‍ താരതമ്യേന കുറവ് വന്നിട്ടുണ്ട്. എന്നാലും വൈറസിനെ ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല. ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്‌സര്‍ലണ്ട് ,ഇറാഖ്, അഫ്ഗാനിസ്താന്‍, ലെബനാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍, യു.എ.ഇ, കാനഡ എന്നീ രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു.
Post Your Comments