കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍; ഉടന്‍ ഇന്ത്യയില്‍ എത്തിയ്ക്കും. കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ മുംബൈ അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വെച്ചാണ് അറസ്റ്റിലായതെന്നാണ് വിവരം. റോയുടെയും കര്‍ണാടക പൊലീസിന്റെയും ഉദ്യോഗസ്ഥര്‍ സെനഗലില്‍ എത്തി. രവിപൂജാരിയെ ഉടന്‍ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുളള നടപടികള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. രവിപൂജാരിയുടെ ജാമ്യാപേക്ഷ സെനഗല്‍ സുപ്രീംകോടതി തളളിയിരുന്നു.
Read Also : ബ്യൂട്ടിപാര്‍ലര്‍ കേസ്; രവി പൂജാരി മുഖ്യപ്രതി
തിങ്കളാഴ്ച ഉച്ചയോടെ രവി പൂജാരിയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുളള ശ്രമത്തിലാണ് ആഭ്യന്തരവകുപ്പും കര്‍ണാടക പൊലീസും. ഇവര്‍ സംയുക്തമായാണ് രവി പൂജാരിയെ തിരിച്ചെത്തിക്കുന്നതിനുളള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. തിരിച്ചെത്തിച്ച ശേഷം മംഗളൂരുവിലേക്ക് രവി പൂജാരിയെ കൊണ്ടുപോകാനാണ് സാധ്യത. കര്‍ണാടകയില്‍ മാത്രം നൂറിലധികം കേസുകള്‍ രവി പൂജാരിക്ക് എതിരെയുണ്ട്.
2019 ജനുവരിയില്‍ സെനഗലില്‍ വച്ച് രവി പൂജാരിയെ അറസ്റ്റ് ചെയ്തിരുന്നു. ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ രവി പൂജാരി ഒളിവില്‍ പോയി. രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ ഉണ്ടെന്ന ഇന്ത്യയിലെ വിവിധ അന്വേഷണ ഏജന്‍സികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രവി പൂജാരി വീണ്ടും പിടിയിലായത്.
ബുര്‍ക്കിനോ ഫാസോയുടെ പാസ്പോര്‍ട്ടില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി സെനഗലില്‍ കഴിഞ്ഞുവരികയായിരുന്നു രവി പൂജാരി. അവിടെ ഹോട്ടല്‍ വ്യവസായമാണ് ഇയാള്‍ നടത്തിയിരുന്നത്. ഇന്ത്യയില്‍ മാത്രമായി ഇയാള്‍ക്കെതിരെ 200ഓളം കേസുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments