തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്റെ സ്ഥാനാരോഹണം പാർട്ടിയുടെ പുതുയുഗ പിറവിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ ബിജെപി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കെ സുരേന്ദ്രന്റെ സ്ഥാനമേറ്റെടുക്കൽ ചടങ്ങ്.
കേന്ദ്രമന്ത്രി വി മുരളീധരന് പുറമെ എംഎൽഎ ഒ രാജഗോപാലും അടക്കം മുതിര്‍ന്ന നേതാക്കൾ സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ഏറെ കാലമായി പാര്‍ട്ടിയോട് അകന്ന് കഴിയുന്ന പിപി മുകുന്ദൻ അടക്കം മുതിര്‍ന്ന നേതാക്കളും കെ സുരേന്ദ്രന്‍റെ പ്രത്യേക താൽപര്യ പ്രകാരം തിരുവനന്തപുരത്ത് എത്തിയിരുന്നു.
പിഎസ് ശ്രീധരൻ പിള്ള സ്ഥാനമൊഴിഞ്ഞ് ഒരു ഇടവേളക്ക് ശേഷമാണ് കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം പ്രഖ്യാപിക്കുന്നത്. സംസ്ഥാന ബിജെപിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ അധ്യക്ഷൻ കൂടിയാണ് കെ സുരേന്ദ്രൻ.
എംടി രമേശ് റെയിൽവെ സ്റ്റേഷനിലെ സ്വീകരണത്തിൽ പങ്കെടുത്ത് മടങ്ങി. മറ്റു പരിപാടികളുള്ളതിനാൽ സ്ഥാനമേറ്റെടുക്കൽ ചടങ്ങിനെത്തില്ലെന്ന് കുമ്മനം രാജശേഖരൻ അറിയിച്ചിരുന്നെന്നാണ് വിശദീകരണം. ഇടവേളക്ക് ശേഷം അധ്യക്ഷസ്ഥാനക്കേക്ക് എത്തിയ കെ സുരേന്ദ്രന് ആവേശകരമായ വരവേൽപ്പാണ് ബിജെപി പ്രവര്‍ത്തകര് ഒരുക്കിയത്.
രാവിലെ തമ്പാനൂര്‍ റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ കെ സുരേന്ദ്രനെ സ്വീകരിക്കാൻ നിരവധി പ്രവര്‍ത്തകരാണ് കാത്തുനിന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിവി രാജേഷിന്‍റെ നേതൃത്വത്തിൽ വലിയ സ്വീകരണ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നത്. തിരുവനന്തപുരം റെയിൽ വേ സ്റ്റേഷനിൽ നിന്ന് റോഡ് ഷോയുടെ അകമ്പടിയോടെയായിരുന്നു കുന്നുകുഴിയിലേക്കുള്ള യാത്ര.
Post Your Comments