ദില്ലി: ഷഹീന്‍ബാഗ് പ്രതിഷേധം മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി മധ്യസ്ഥ സമിതി. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സംഘം ചൊവ്വാഴ്ച വൈകിട്ടാണ് ഷഹീന്‍ബാഗിലെത്തി പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് മാസത്തോളമായി ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് കോടതി മധ്യസ്ഥത വഹിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഡ്ഗെ, സാധ്ന രാമചന്ദ്രന്‍ എന്നിവരെ നിയോഗിച്ചത്.
എന്നാല്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. എന്നാൽ റോഡ് ഉപരോധിച്ചുള്ള യാതൊരു പ്രതിഷേധവും അംഗീകരിക്കാനാവില്ലെന്ന് മധ്യസ്ഥർ പറഞ്ഞു. നിങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. സുപ്രീം കോടതിയില്‍ നിയമം ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞു. എന്നാല്‍ റോഡ് ഉപയോഗിക്കാനും കടകള്‍ തുറക്കാനുമുള്ള എന്നാല്‍ നമ്മളെപ്പോലെ മറ്റുള്ളവര്‍ക്കും അവകാശങ്ങളുണ്ട്.
നിങ്ങള്‍ മറ്റുള്ളവരെ ചവിട്ടിമെതിക്കരുതെന്നും സാധ്ന രാമചന്ദ്രന്‍ പ്രതിഷേധക്കാരോട് പറഞ്ഞു. പ്രതിഷേധക്കാരെ പിന്തുണക്കുന്ന മുന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ളയോട് സംസാരിക്കാനും അഭിഭാഷകര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.ഞങ്ങള്‍ ഇവിടെ വന്നത് സുപ്രീം കോടതി ഉത്തരവ് അനുസരിക്കുന്നതിന് വേണ്ടിയാണ്. നിങ്ങളോട് എല്ലാവരോടും സംസാരിക്കാമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എല്ലാവരുടേയും സഹകരണത്തോടെ ഈ വിഷയം പരിഹരിക്കാമെന്നും കരുതുന്നു.
സാധ്ന രാമചന്ദ്രന്‍ കുട്ടിച്ചേര്‍ത്തു. ഫെബ്രുവരി 24നാണ് സുപ്രീം കോടതി അടുത്തതായി കേസില്‍ വാദം കേള്‍ക്കുന്നത്. അഡ്വ. അമിത് സാഹ്നി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി മധ്യസ്ഥത വഹിക്കാന്‍ രണ്ട് അഭിഭാഷകരെ നിയോഗിച്ചിട്ടുള്ളത്.
ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ അനധികൃതമായി ദില്ലിയെയും നോയിഡയെയും ബന്ധിപ്പിക്കുന്ന പൊതുറോഡ് തടസ്സപ്പെടുത്തിയാണ് പ്രതിഷേധിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്ന വാദം. ഇത് യാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. നോയിഡയിലേക്ക് ദിവസേന സഞ്ചരിക്കുന്നവര്‍ ബദല്‍ മാര്‍ഗ്ഗം ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്.
Post Your Comments