ദില്ലി : പൊതുസ്ഥലങ്ങള്‍ അനിശ്ചിതമായി കൈവശം വയ്ക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ജനാധിപത്യത്തില്‍ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. പ്രതിഷേധങ്ങള്‍ അതിനുള്ള നിശ്ചിത സ്ഥലങ്ങളിലാണ് നടത്തേണ്ടത്. പൊതുനിരത്തുകള്‍ കയ്യടക്കിയുള്ള സമരങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഈ വര്‍ഷം ആദ്യം ദില്ലിയിലെ ഷഹീന്‍ ബാഗിനെ കീഴടക്കിയ പൗരത്വ വിരുദ്ധ നിയമ പ്രക്ഷോഭത്തിനെതിരെ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
ജസ്റ്റിസ് കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ ഷഹീന്‍ബാഗ് കേസില്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീന്‍ ബാഗിലോ (ദില്ലിയിലോ) മറ്റെവിടെയെങ്കിലുമോ പൊതുസ്ഥലങ്ങള്‍ അനിശ്ചിതമായി കൈവശപ്പെടുത്താന്‍ കഴിയില്ലെന്ന് തങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരം പ്രതിഷേധങ്ങള്‍ (ഷഹീന്‍ ബാഗ് പോലുള്ളവ) സ്വീകാര്യമല്ലെന്നും പൊതുനിരത്തുകള്‍ കയ്യേറിയുള്ള സമരങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് സമരങ്ങള്‍ പാടില്ല. പൊതുനിരത്തുകള്‍ കയ്യേറിയുള്ള സമരങ്ങള്‍ ഒഴിപ്പിക്കാന്‍ പലപ്പോഴും കോടതിക്ക് ഇടപെടേണ്ടിവരുന്നതായും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് ഷഹീന്‍ ബാഗ് പോലുള്ള സമരങ്ങളില്‍ കണ്ടത്. സമൂഹത്തില്‍ ധ്രൂവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടക്കുന്നുണ്ട്. അത് ഷഹീന്‍ ബാഗ് സമരത്തില്‍ പ്രതിഫലിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
‘സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു, അത് നിയുക്ത സ്ഥലങ്ങളില്‍ മാത്രം നടത്താം,” കോടതി ഊന്നിപ്പറഞ്ഞു.
Post Your Comments