ഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡല്‍ഹി പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചു. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാം എന്ന വിദ്യാര്‍ത്ഥിയാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പും ഫോണ്‍ രേഖകളും പോലീസ് കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ബസ് കത്തിച്ച സംഭവത്തിലടക്കം ഷര്‍ജീല്‍ ഉള്‍പ്പെടെ 17 പേര്‍ പ്രതികളാണ്. കൊലപാതക ശ്രമം, കലാപം തുടങ്ങിയവയാണ് കുറ്റം.
അതേസമയം ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ആരെയും സംഭവത്തില്‍ പ്രതിചേര്‍ത്തിട്ടില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന് ഷര്‍ജീല്‍ പ്രസംഗിച്ച സംഭവത്തിൽ യു.പി, അസം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാജ്യദ്രോഹകുറ്റത്തിന് കേസുണ്ട്. ജനുവരി 28ന് ബിഹാറില്‍ വച്ചാണ് ഷര്‍ജീലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം അക്രമത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് കുറ്റപത്രം.
നാല് സര്‍ക്കാര്‍ ബസുകളും രണ്ട് പോലീസ് വാഹനങ്ങളും സമരക്കാര്‍ കത്തിച്ചു. ന്യൂഫ്രണ്ട് കോളനിക്ക് മുന്നില്‍ വെച്ച് സമരക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിളി വിശദാംശങ്ങളും 100 ദൃക്സാക്ഷികളുടെ മൊഴികളും അടങ്ങിയതാണ് കുറ്റപത്രം. ഷര്‍ജീല്‍ ഇമാം നിലവില്‍ രാജ്യദ്രോഹ കുറ്റത്തിന് ജയിലിലാണ്. കേസില്‍ ഷര്‍ജീലിനെ ഡല്‍ഹി മെട്രോപോളിറ്റിയന്‍ മജിസ്ട്രേറ്റ് മാര്‍ച്ച് മൂന്നുവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സി.സി.ടി.വി ദൃശ്യങ്ങള്‍, കോള്‍ വിവരങ്ങള്‍, 100ലധികം പേരുടെ മൊഴികള്‍ എന്നിവ സഹിതമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Post Your Comments