Latest NewsKeralaIndiaNews

നേട്ടങ്ങൾ കൊയ്യാൻ പുതിയ മാറ്റവുമായി ബിജെപി; കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തിലേക്ക്

ന്യൂഡെല്‍ഹി: നേട്ടങ്ങൾ കൊയ്യാൻ പുതിയ മാറ്റവുമായി ബിജെപി. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തിലേക്ക് എത്തിയേക്കും. കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ അഴിച്ചുപണികൾ ദേശീയ നേതൃത്വം ആരംഭിച്ചതായാണ് വിവരം. സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ള നേതാവ് തന്നെ അധ്യക്ഷനായതോടെ ഇനി ഐക്യത്തോടെ മുന്നോട്ട് പോകണം എന്ന സന്ദേശമാണ് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നല്‍കുന്നത്.

മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരന്‍,പികെ കൃഷ്ണദാസ് എന്നിവര്‍ ദേശീയ നേതൃത്വത്തിലേക്ക് എത്തിയേക്കും. അതേസമയം കുമ്മനത്തെ കേന്ദ്ര മന്ത്രിയാക്കണം എന്ന ആവശ്യവും പാര്‍ട്ടി നേതൃത്വത്തിന്‍റെ മുന്നിലുണ്ട്. നിലവിലെ സാഹചര്യത്തില്‍ സാമുദായിക പരിഗണനകള്‍ കൂടി കണക്കിലെടുത്താകും പാര്‍ട്ടി ഭാരവാഹികളെ പ്രഖ്യാപിക്കുക. കഴിഞ്ഞ സംസ്ഥാന സമിതിയില്‍ ജനറൽ സെക്രട്ടറി മാരായിരുന്ന എംടി രമേശ്‌, ശോഭാ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ ചുമതലകള്‍ സംബന്ധിച്ചും ദേശീയ നേതൃത്വം തീരുമാനം എടുക്കും.

അതേസമയം സംസ്ഥാന സമിതിയുടെ പുന:സംഘടനയില്‍ ജെനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള നേതാക്കളും ഇടം പിടിച്ചേക്കും. പട്ടിക ജാതി -പട്ടിക വര്‍ഗ സമുദായത്തില്‍ നിന്നുള്ള നേതാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പരിഗണന നല്‍കും. കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇടം പിടിക്കും.

ALSO READ: മിസോറം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് ഡിലിറ്റ് ഓണററി ബിരുദം നല്‍കി ആദരിക്കാന്‍ ഒരുങ്ങി രാജസ്ഥാന്‍ സര്‍വ്വകലാശാല

ഗ്രൂപ്പുകള്‍ അപ്രസക്ത മാക്കുകയും സാമുദായിക സമവാക്യങ്ങള്‍ പാലിക്കുകയും ചെയ്തു കൊണ്ട് താഴെ തട്ടില്‍ സംഘടന ശക്തമാക്കുന്നതിനാണ് ദേശീയ നേതൃത്വം തയ്യാറെടുക്കുന്നത്. ആര്‍ എസ്‌എസ് മുന്നോട്ട് വെയ്ക്കുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കുകയും ചെയ്യും. മുന്‍ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ പ്രത്യേക താല്‍പ്പര്യമാണ് കാട്ടിയിരുന്നത്. അതുകൊണ്ട് തന്നെ സുരേന്ദ്രന്‍ അധ്യക്ഷനായതോടെ പാര്‍ട്ടിയില്‍ ഏതെങ്കിലും വിധത്തില്‍ എതിര്‍ സ്വരം ഉയരുന്നതിനും ദേശീയ നേതൃത്വം അനുവദിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button