ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗ് സമരക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് നടത്താനിരുന്ന മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. അതേസമയം, ഷഹീൻ ബാഗിൽ സമരം നടത്തുന്നവരുമായി അമിത് ഷാ ഒരു കൂടിക്കാഴ്ച്ചയും നടത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മാത്രമല്ല അത്തരമൊരു കൂടിക്കാഴ്ച അമിത് ഷായുമായി ഉടൻ നടക്കില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
സിഎഎ, എൻആർസി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് ഉച്ചയ്ക്ക് അമിത് ഷായെ അദ്ദേഹത്തിന്റെ വസതിയിലോ ഓഫീസിലോ സന്ദർശിക്കുമെന്ന് ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ അവകാശപ്പെട്ടതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രസ്താവന.
രണ്ട് ദിവസങ്ങൾക്ക് മുമ്പ്, സിഎഎയെക്കുറിച്ച് സംശയമുള്ള ആർക്കും തന്റെ ഓഫീസിൽ നിന്ന് അപ്പോയിന്റ്മെന്റ് തേടാമെന്നും മൂന്ന് ദിവസത്തിനുള്ളിൽ ആ വ്യക്തികളെ കാണാൻ തയ്യാറാണെന്നും അമിത് ഷാ ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷഹീൻ ബാഗിലെ സമരക്കാർ അമിത് ഷായെ കാണാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചതെന്നാണ് നിഗമനം.
Post Your Comments