കാസർഗോഡ്: കേരള സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയ കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരു വർഷം തികയുന്നു. നീതി കിട്ടാതെ ഇരകളുടെ കുടുംബം ഇപ്പോഴും പിണറായി സർക്കാരുമായി നിയമയുദ്ധം തുടരുകയാണ്. കേസ് ആര് അന്വേഷിക്കണമെന്ന കാര്യത്തിലാണ് സർക്കാരുമായി നിയമയുദ്ധം തുടരുന്നത്.
സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ അപ്പീൽ പോയതോടെ കേസ് അന്വേഷണവും കോടതി നടപടികളും പൂർണമായും അനിശ്ചിതത്വത്തിലായി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതി ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഇതുവരേയും തീർപ്പായില്ല. കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് പെരിയ കല്യോട്ട് വച്ചാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. ബൈക്കിൽ പോകുകയായിരുന്ന ഇരുവരേയും പതിയിരുന്ന അക്രമിസംഘം വെട്ടി വീഴ്ത്തുകയായിരുന്നു.
കൃപേഷ് സംഭവ സ്ഥലത്തും ശരത് ലാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ഒന്നാം പ്രതി സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 12 പേരെ കൂടാതെ സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ.എം മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരെക്കൂടി പ്രതി ചേർത്ത് കുറ്റപത്രം നൽകി. ഇന്നും പെരിയയിലും പരിസരങ്ങളിലും രാഷ്ട്രീയ വൈര്യത്തിന് ശമനമായിട്ടില്ല. കനത്ത പൊലീസ് സുരക്ഷയിലാണ് ഇപ്പോഴും പ്രതികളുടെ വീടുകളും കല്യോട്ട് ഗ്രാമവും.
Post Your Comments