മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് താക്കീതു നല്‍കി മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭീമ കൊറേഗാവ് കേസ് സംസ്ഥാന പോലീസിന്റെ കയ്യില്‍ നിന്നും എന്‍.ഐ.എയെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തെ പിന്തുണച്ചു കൊണ്ടുള്ള താക്കറെയുടെ നിലപാടിനെ തുടര്‍ന്നാണ് ഖാര്‍ഗെയുടെ പ്രഖ്യാപനം. നേരത്തെ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് ശരത് പവാറും ഈ നീക്കത്തെ എതിര്‍ത്തിരുന്നു.
സംഭവത്തിന് പുറകില്‍ മാവോയിസ്റ്റുകളുടെ ബന്ധമുണ്ടെന്ന് പൂനെ പോലീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കേസ് എന്‍.ഐ.എയെ ഏല്‍പ്പിച്ചത്. എന്നാൽ ഇതിനെതിരെയാണ് സഖ്യ കക്ഷികൾ രംഗത്തെത്തിയത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണെങ്കിലും,കൂട്ട് ഭരണമാണെന്നും ഞങ്ങളും പങ്കാളികളാണെന്ന കാര്യം മറക്കരുതെന്നുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഓര്‍മ്മിപ്പിച്ചത്.ഈ നടപടി പിന്തുണച്ചുകൊണ്ടുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിലപാടാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.
മഹാരാഷ്ട്രയില്‍ ശിവസേന നേതൃത്വം നല്‍കുന്ന മഹാ വികാസ് അഘാതി സഖ്യത്തിലെ പങ്കാളികളാണ് കോണ്‍ഗ്രസും എന്‍.സി.പിയും. എന്‍.സി.പി നേതാവ് അനില്‍ ദേശ്മുഖ് ആണ് മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രി. തന്നെപ്പോലും മറികടന്നാണ് മുഖ്യമന്ത്രി ഇടപെട്ട് കേസ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയതെന്ന് അനില്‍ ദേശ്മുഖ് വെളിപ്പെടുത്തിയിരുന്നു. ഇതേച്ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വവും രംഗത്ത് വന്നിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേനാ സഖ്യം തകര്‍ന്നതോടെയാണ് മഹാ വികാസ് അഘാതി സഖ്യം രൂപപ്പെട്ടത്. ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് ശിവസേനയ്ക്ക് പിന്തുണ കൊടുത്ത് കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്ത് വരികയായിരുന്നു.
Post Your Comments