Latest NewsKeralaNews

സമകാല മലയാള സിനിമാ പ്രവർത്തകർ ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് കമ്പോട് കമ്പ് വായിക്കണം : ജി.പി രാമചന്ദ്രൻ

മലയാളം സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ പറ്റി പഠിക്കാനായി സർക്കാർ നിയോഗിച്ച ജസ്‌റ്റിസ് ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് വായിക്കലാണ് സമകാല മലയാള സിനിമയുമായി ബന്ധപ്പെട്ടവർ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ജി.പി.രാമചന്ദ്രൻ. കഴിഞ്ഞ കാലത്ത് മലയാള സിനിമയില്‍ നിന്ന് പോന്ന വമ്പിച്ച പുരുഷാധികാരത്തെ തുറന്ന് കാണിക്കുന്ന ആ റിപ്പോര്‍ട്ട് വായിക്കേണ്ടത് രാമായണമാസാചരണം പോലെ ആചരിക്കേണ്ട സംഗതിയാണ്. നടിയെ തെരുവില്‍ ബലാല്‍സംഗം ചെയ്യാൻ ക്വൊട്ടേഷൻ കൊടുക്കുന്നവരാണ് മലയാള സിനിമയിലുള്ളവർ. ഈ മേഖലയിലെ തൊഴിലാളി വർഗ്ഗവും അടിച്ചമർത്തപ്പെടുന്നവരും സ്ത്രീകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൃതി പുസ്തകോത്സവത്തിൽ ‘സമകാല മലയാള സിനിമ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഗതകുമാരനിൽ അഭിനയിച്ച പി.കെ. റോസിയെ പുറത്താക്കിയ കാണിപ്രമാണിത്വത്തോട് യോജിച്ച് കൊണ്ടാണ് മലയാള സിനിമ പിന്നീട് നിലനിന്നത്. അത് കൊണ്ടാണ് ഉറൂബിൻറെ ‘രാച്ചിയമ്മ’ സിനിമയാകുമ്പോൾ കറുത്ത നായികയെ അതരിപ്പിക്കാൻ വെളുത്ത നടിയെ കറുപ്പടിച്ച് കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമലയാളിയുടെ രാഷ്ട്രീയ കാഴ്ചയെ നിർണ്ണയിച്ച രണ്ട് മലയാള സിനിമകൾ ‘സന്ദേശ’വും ‘തൂവാനത്തുമ്പികളു’മാണ്. ‘പഞ്ചവടിപ്പാല’ത്തിൽ നിന്ന് ആരംഭിക്കാതെ, സന്ദേശത്തിൽ നിന്ന് ആരംഭിക്കുന്ന രാഷ്ട്രീയ വിമർശനത്തെയാണ് മലയാളി സ്വീകരിച്ചത്. അത് കൊണ്ടാണ് ജനപ്രതിനിധികൾ വേതനം പറ്റാതെ പണിയെടുക്കണമെന്ന് കൂലി വാങ്ങി സിനിമ ചെയ്യുന്ന ശ്രീനിവാസൻ (സന്ദേശത്തിൻറെ തിരക്കഥാകൃത്ത്) പറയുന്നതെന്നും ജി.പി. രാമചന്ദ്രൻ നിരീക്ഷിച്ചു.

മലയാള സിനിമയിൽ 15 വർഷം കൊണ്ട് ന്യൂജനറേഷൻ തരംഗമുണ്ടായതായും സകല മേഖലകളിലും കടന്ന് വന്ന സൂപ്പർതാരാനന്തര തലമുറ മലയാള സിനിമയെ മാറ്റിമറിച്ചെന്നുംചർച്ചയിൽ പങ്കെടുത്തു കൊണ്ട് എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ സി.എസ് വെങ്കിടേശ്വരൻ പറഞ്ഞു. നവമാധ്യമ കാലത്ത് പ്രേക്ഷകവിപണിയും സിനിമ കാണുന്ന രീതിയും മാറിയെന്നും ആഗോളീകരണ ലോകത്തെ തത്സമയ പ്രേക്ഷകനോടാണ് മലയാള സിനിമ സംസാരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലയാള സിനിമ സചേതനമായിരുന്ന കാലത്ത് ഉണ്ടായിരുന്നതിൻറെ മൂന്നിലൊന്ന് എണ്ണം തിയേറ്ററുകളേ ഇപ്പോള്‍ കേരളത്തിലുള്ളു.അഞ്ഞൂറും ആയിരവും ആളുകളെ ഉൾക്കൊള്ളാവുന്ന തിയേറ്ററുകൾ മാറി ടിക്കറ്റ് നിരക്ക് കൂടുതലുള്ള, കുറച്ച് പേർക്ക് ഇരിക്കാവുന്ന തിയേറ്ററുകൾ വന്നു. ഒപ്പം തന്നെ സിനിമ കാണുന്ന പ്ളാറ്റ്ഫോമുകളിലും വലിയ വ്യത്യാസങ്ങൾ സംഭവിച്ചതായി സി.എസ്. വെങ്കിടേശ്വരൻ പറഞ്ഞു.

വലിയ രീതിയിൽ പ്രമേയപരമായും ആഖ്യാനരീതിയിലും മലയാള സിനിമയില്‍ അടുത്തകാലത്തായി മാറ്റമുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. പുരുഷ നായക പ്രാധാന്യം ഉണ്ടായിരുന്ന സ്ഥലത്ത് നിന്നാണ് പ്രമേയങ്ങളിൽ വ്യത്യസ്തത കടന്നു വന്നത്. നായകൻറെ ബാല്യം, ഓർമ, പകവീട്ടൽ തുടങ്ങി കാലത്തിൻറെ വലിയ കാൻവാസിൽ നിന്ന് സ്ഥല രാശിയിലേക്ക് ചുവട് മാറി, ഒരു ദിവസത്തെ കഥ, ഒരു യാത്ര തുടങ്ങിയ ചടുലമായ വർത്തമാനകാല സംഭവങ്ങളിലേക്കുള്ള സിനിമയുടെ മാറ്റം ശ്രദ്ധേയമാണെന്ന നിരീക്ഷണമാണ് അദ്ദേഹം പങ്കുവച്ചത്.

മറ്റു ഭാഷകളിൽ ‘ആർട്ടിക്കിൾ 15’ പോലുള്ള സിനിമകൾ ഉണ്ടാകുകയും വാണിജ്യവിജയം നേടുകയും ചെയ്യുമ്പോള്‍ മലയാളത്തിൽ അങ്ങനെയൊരു ശ്രമത്തിന് പോലും തയ്യാറാകാത്ത ഭീരുക്കളാണ് ഉള്ളതെന്ന് കവിയും ചലച്ചിത്ര ഗവേഷകനുമായ ജിനെഷ് എരമം ചർച്ചയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button