മനാമ : ബഹ്റൈനിൽ വൻതീപിടിത്തം. സല്‍മാബാദിലെ നാല് കെട്ടിടങ്ങളിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം തീപിടിത്തമുണ്ടായത്. ഒരു ഗാരേജ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചതെന്നാണ് സൂചന. ശക്തമായ കാറ്റുള്ള സമയമായിരുന്നതിനാല്‍ അടുത്തുള്ള ഒരു ബേക്കറിയിലേക്കും അലൂമിനിയം ഫേബ്രിക്കേഷന്‍ സ്ഥാപനത്തിലേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിശമന സേന നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ഇവിടെ നിന്നും നിരവധിപ്പേരെ ഒഴിപ്പിച്ചു. 11 ഫയര്‍ എഞ്ചിനുകളും 57 ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായും പൊലീസ് പട്രോള്‍, ആംബുലന്‍സ് സംഘങ്ങളും സ്ഥലത്തെത്തിയിരുന്നുവെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. പ്രദേശത്ത് ഏറെ നേരം കനത്ത പുക നിറഞ്ഞിരുന്നു. ഗാരേജിലുണ്ടായിരുന്ന ഒന്‍പത് ആഢംബര വാഹനങ്ങള്‍ കത്തിനശിച്ചതിനാൽ വന്‍നാശനഷ്ടമുണ്ടായിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്തുന്നതടക്കം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ഉച്ചയ്ക്ക് 12.30ഓടെയാണ് തീപിടുത്തമുണ്ടായതെന്നു പരിസരത്തുണ്ടായിരുന്ന ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സമീപത്തെ സ്ഥാപനങ്ങളിലുണ്ടായിരുന്നവരെ പൊലീസ് ഉദ്യോഗസ്ഥരെത്തി ഒഴിപ്പിച്ചു. ആഢംബര വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തിയിരുന്ന ഗ്യാരേജിലാണ് തീ ആദ്യം പടര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Post Your Comments