ഭോപ്പാല്‍•പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ഇൻഡോറിലെ ഏക മുസ്ലീം മുനിസിപ്പൽ കൗൺസിലർ നൂറുകണക്കിന് അനുയായികളോടൊപ്പം പാർട്ടി വിട്ടു.
ഇൻഡോറിലെ വാർഡ് നമ്പർ 38 (ഖജ്രാന) യിൽ നിന്നുള്ള ബി.ജെ.പിയുടെ മുനിസിപ്പൽ കൗൺസിലർ ഉസ്മാൻ പട്ടേൽ (58) pപാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു.
‘ഞാൻ 1980 മുതൽ ബി.ജെ.പിക്കൊപ്പം ഉണ്ട്, എന്നാൽ ഭരണഘടനാവിരുദ്ധമായ സി.എ.എയുടെയും ഭാവിയിലെ എൻ.ആർ.സിയുടെയും എൻ.പിആ.റിന്റെയും സാധ്യതയുടെ പശ്ചാത്തലത്തിൽ മേലിൽ ഇതേ പാർട്ടിയുമായി തുടരാനാവില്ല,” – പട്ടേല്‍ പ്രതികരിച്ചു.
‘മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ 40 വർഷം മുമ്പ് ബിജെപിയിൽ ചേർന്നത്. ബി.ജെ.പി ഇപ്പോൾ മാറി. അത് ഇപ്പോൾ വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് ചെയ്യുന്നത്,’ – രാജി പ്രഖ്യാപനം നടത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പില്‍ പട്ടേല്‍ പറയുന്നു.
തനിക്ക് പുറമെ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള വനിതാ സെല്ലിലെ അംഗങ്ങളും ഭാരവാഹികളും ഉൾപ്പെടെ അഞ്ഞൂറോളം ബി.ജെ.പി അംഗങ്ങളും സി.എ.എയ്‌ക്കെതിരെ പ്രതിഷേധിച്ച് പാർട്ടി അംഗത്വം ഉപേക്ഷിച്ചതായി പട്ടേല്‍ പറഞ്ഞു.
ഇതിനുമുമ്പ് നിരവധി മുസ്‌ലിം നേതാക്കളും ഖാർഗോൺ, ഇൻഡോർ, ഭോപ്പാൽ, ഗുണ, ജബൽപൂർ ജില്ലകളിലെ ബി.ജെ.പി അംഗങ്ങളും സി.എ.എയ്‌ക്കെതിരെ പ്രതിഷേധിച്ച് പാർട്ടി വിട്ടിരുന്നു.
ഏക മുസ്ലിം മുനിസിപ്പൽ കൗൺസിലർ പാർട്ടിയിൽ നിന്ന് രാജിവച്ചതിനെക്കുറിച്ച് ചോദ്യത്തിനോട് സംസ്ഥാന ബി.ജെ.പി വക്താവ് പ്രതികരിക്കാന്‍ തയ്യാറായില്ല.
Post Your Comments