
പാലക്കാട്: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണം സി പി എമ്മിന്. തെരഞ്ഞെടുപ്പിൽ ഒന്‍പത് സീറ്റുകള്‍ നേടി സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ക്ഷീരസഹകരണ മുന്നണി ആണ് ഭരണം പിടിച്ചെടുത്തത്. യൂണിയന്‍ രൂപീകരിച്ചതുമുതല്‍ കോണ്‍ഗ്രസ്സ് ഭരണസമിതിയാണ് മലബാര്‍ മേഖലയിലുണ്ടായിരുന്നത്.
സാധാരണ മേഖലാ യൂണിയന്‍ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ് ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക. ഭരണസമിതി തിരഞ്ഞെടുപ്പിന്റെ നിയമാവലി മാറ്റിയതിലൂടെയാണ് മേഖലാ യൂണിയന്റെ ഭരണം സി.പി.എം. പിടിച്ചെടുത്തത്. നിയമം മാറ്റി അതത് ജില്ലകളിലെ ഭരണസമിതി ഭാരവാഹികളെ, അതത് ജില്ലയിലെ പ്രാഥമിക സഹകരണ സംഘം പ്രസിഡന്റുമാര്‍ തിരഞ്ഞെടുക്കണമെന്ന രീതിയില്‍ മില്‍മയുടെ ബൈലോയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
കൂടാതെ മില്‍മ മേഖലാ യൂണിയന്റെ പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിന് നിശ്ചിത അളവ് പാല്‍ മില്‍മയ്ക്ക് നല്‍കിയിരിക്കണമെന്ന ചട്ടവും സര്‍ക്കാര്‍ മാറ്റി. ഇതോടെ മേഖലാ യൂണിയന് കീഴിലുള്ള എല്ലാ സംഘം പ്രസിഡന്റുമാര്‍ക്കും വോട്ടവകാശം ലഭിച്ചതിലൂടെയാണ് ഭരണ സമിതി സി.പി.എമ്മിന് നേടാനായത്. ഇതിനെതിരെ മേഖലാ യൂണിയന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും സര്‍ക്കാറിന് അനുകൂലമായാണ് വിധിയുണ്ടായത്. ഇതുമൂലം യഥാ സമയം തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയാതെ വന്നതോടെ ഭരണസമിതി പിടിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി നിയമിച്ചിരുന്നു.
മേഖലാ യൂണിയന്‍ ചെയര്‍മാനായിരുന്ന കെ.എന്‍.സുരേന്ദ്രന്‍ നായര്‍ കാസര്‍കോഡ് ജില്ലയില്‍ നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. മില്‍മ ചെയര്‍മാനായിരുന്ന പി.ടി.ഗോപാലകുറുപ്പ് പ്രതിനിധാനം ചെയ്യുന്ന വയനാട് ജില്ലയില്‍ പട്ടികജാതി സംവരണമായതോടെ അദ്ദേഹത്തിന് മത്സരിക്കാനുമായില്ല.
ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍: പാലക്കാട് ജില്ല: കെ.എസ്.മണി(സി.പി.എം), എസ്.സനോജ്(സി.പി.ഐ.), വി.വി. ബാലചന്ദ്രന്‍(സി.പി.എം), കെ.ചെന്താമര (ജനതാദള്‍). മലപ്പുറം ജില്ല: ടി.പി. ഉസ്മാന്‍(കോണ്‍ഗ്രസ്സ്), സുധാമണി (കോണ്‍ഗ്രസ്സ്). കോഴിക്കോട് ജില്ല: പി.ടി.ഗിരീഷ് കുമാര്‍, പി.ശ്രീനിവാസന്‍, കെ.കെ.അനിത(മൂവരും സി.പി.എം). വയനാട് ജില്ല: ടി.കെ.ഗോപി(കോണ്‍ഗ്രസ്സ്). കണ്ണൂര്‍ ജില്ല: ടി. ജനാര്‍ദ്ദനന്‍(കോണ്‍ഗ്രസ്സ്), ലൈസമമ ആന്റണി(കോണ്‍ഗ്രസ്സ്), കാര്‍സകോഡ് ജില്ല: പി.പി. നാരായണന്‍, കെ.സുധാകരന്‍(ഇരുവരും സി.പി.എം).
Post Your Comments