ന്യൂഡല്‍ഹി: ശബരിമലയിലെ തിരുവാഭരണങ്ങള്‍ സംബന്ധിച്ച് സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി . തിരുവാഭരണങ്ങളുടെ കണക്കെടുപ്പു നടത്താനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്
. ഇതിനു മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ സുപ്രീം കോടതി നിയോഗിച്ചു.
കേരളത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ്, തിരുവാഭരണങ്ങളുടെ കണക്കെടുപ്പു നടത്താന്‍ ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടത്. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സമാനമായ കണക്കെടുപ്പു നടത്തിയിട്ടുണ്ടെന്ന് കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. തിരുവാഭരണങ്ങള്‍ നഷ്ടമാവുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവാഭരണങ്ങള്‍ ഏറ്റെടുക്കാനാവുമോയെന്ന് അറിയിക്കാന്‍ കഴിഞ്ഞ ദിവസം കോടതി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ശബരിമല അയ്യപ്പനു സമര്‍പ്പിച്ച തിരുവാഭരണങ്ങള്‍ എന്തിനാണ് കൊട്ടാരത്തില്‍ സൂക്ഷിക്കുന്നതെന്ന് കോടതി ആരാഞ്ഞു. ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അതില്‍ പന്തളം കൊട്ടാരത്തിന് അവകാശം ഉന്നയിക്കാനാവില്ല. പിന്നെ എന്തിനാണ് കൊട്ടാരത്തില്‍ സൂക്ഷിക്കുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം.
Post Your Comments