തൃപ്പൂണിത്തുറ: രാവിലെ വീട്ടിൽ നിന്നെടുത്ത് തലയിൽ വെച്ച ഹെൽെമറ്റിനുള്ളിൽ വിഷപ്പാമ്പുണ്ടെന്നറിയാതെ അധ്യാപകൻ ബൈക്ക് ഓടിച്ചത് 11 കിലോമീറ്റർ. പാമ്പ് കടിച്ചില്ലെന്നതാണ് അത്ഭുതകരമായ കാര്യം. എന്നാൽ മണിക്കൂറുകൾക്ക് ശേഷം പാമ്പിനെ കണ്ടെത്തിയപ്പോൾ ഹെൽെമറ്റിനുള്ളിലിരുന്നുതന്നെ ചതഞ്ഞ് ചത്ത നിലയിലും.
കണ്ടനാട് സെയ്ന്റ് മേരീസ് ഹൈസ്കൂളിലെ അധ്യാപകൻ കെ.എ. രഞ്ജിത്തിന്റെ ഹെൽെമറ്റിലാണ് ഇത്രയും സംഭവങ്ങൾ അരങ്ങേറിയത്.
ബുധനാഴ്ച രാവിലെ 8.30-ഓടെ വീട്ടിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കണ്ടനാട് സ്കൂളിലേയ്ക്കായിരുന്നു വിഷപാമ്പ് ഇരിക്കുന്ന ഹെൽെമറ്റും ധരിച്ചുകൊണ്ടുളള ആദ്യ യാത്ര. പിന്നീട് തൃപ്പൂണിത്തുറ ആർ.എൽ.വി. സ്കൂളിൽ സംസ്കൃതം ക്ലാസിനായി ആറ് കിലോമീറ്ററോളം വീണ്ടും ബൈക്കോടിച്ചു. അപ്പോഴും പാമ്പിനെ കണ്ടില്ല.
11.30-ന് പുറത്തേക്ക് പോകാനായി വീണ്ടും ബൈക്കിനടുത്ത് എത്തിയപ്പോഴാണ് ഹെൽെമറ്റിനുള്ളിൽ പാമ്പിന്റെ വാൽ കണ്ടത്. സംഭവമറിഞ്ഞ് മറ്റ് അധ്യാപകരും ഓടിയെത്തി. ഹെൽെമറ്റ് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ഞെരിഞ്ഞ് ചത്തനിലയിൽ പാമ്പിനെ കണ്ടത്. ഇത് കണ്ടതോടെ രഞ്ജിത്തും മറ്റുള്ളവരും ഭയന്നു.
ഉടൻതന്നെ രഞ്ജിത്തിനെ താലൂക്കാശുപത്രിയിലെത്തിച്ച് രക്തം പലതവണ പരിശോധിച്ചു. മുറിവോ മറ്റൊന്നും ഇല്ലെന്നറിഞ്ഞപ്പോഴാണ് ആശ്വാസം ആയത്. എന്തായാലും പാമ്പ് കയറിയ ഹെൽെമറ്റ് അധ്യാപകൻ കത്തിച്ച് കളഞ്ഞു.
Post Your Comments