തിരുവനന്തപുരം: സമാനസ്വഭാവമുള്ളതും നഷ്ടത്തിലുമുള്ള തൊഴിലാളി ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി തൊഴിലാളി യൂണിയൻ നേതാക്കളുമായി തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ചർച്ചനടത്തി. സംസ്ഥാനത്ത് 16 ക്ഷേമനിധി ബോർഡുകളാണുള്ളത്. ഇവ ആദ്യഘട്ടത്തിൽ പത്തായി ചുരുക്കാനാണ് ശ്രമം. മുൻ ലേബർ കമ്മിഷണർമാരായ പി.ജി. തോമസ്, ശ്രീനിവാസൻ എന്നിവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ലയനനീക്കം.
കയർ, കശുവണ്ടി, കൈത്തറി എന്നിവ ഒരു കുടക്കീഴിലാക്കുന്നതും പരിഗണനയിലാണ്. ചുമട്ടുതൊഴിലാളി, അസംഘടിത തൊഴിലാളി, കെട്ടിടനിർമാണ തൊഴിലാളി ബോർഡുകൾ ഒന്നാക്കുന്നതും ആലോചിക്കുന്നുണ്ട്. അബ്കാരി, കള്ള് വ്യവസായ ക്ഷേമനിധി ബോർഡുകൾ സമാന സ്വഭാവമുള്ളവയാണ്. ഇവ ഒരുമിപ്പിക്കുന്നതിൽ തെറ്റില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം.
ഇപ്പോൾ മിക്ക ബോർഡുകൾക്കും സർക്കാർ സഹായം നൽകുന്നുണ്ട്. ഭരണച്ചെലവും കൂടുതലാണ്. തൊഴിലാളികളുടെ അംശദായം മാത്രമാണ് പലതിന്റെയും വരുമാനം. ജീവനക്കാരുടെ എണ്ണവും അധികമാണ്. ക്ഷേമനിധി ബോർഡ് ചെയർമാന്മാരുടെ വാഹനച്ചെലവും അലവൻസുകളും ബോർഡുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ലയനം നടന്നാൽ ഭരണച്ചെലവ് ഗണ്യമായി കുറയ്ക്കാനും തൊഴിലാളികൾക്ക് മെച്ചപ്പെട്ട ആനുകൂല്യം നൽകാനുമാവുമെന്ന് മന്ത്രി പറഞ്ഞു.
Post Your Comments