ന്യൂഡൽഹി : നിർഭയ കേസിലെ മൂന്നാമത്തെ ദയാഹർജിയും തള്ളി.മൂന്നാം പ്രതി അക്ഷയ് സിംഗ് ഠാക്കൂർ സമർപ്പിച്ച ദയാഹർജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്. ഈ മാസം ഒന്നിനാണ് അക്ഷയ് ദയാഹർജി സമർപ്പിച്ചിരുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളായ മുകേഷ് കുമാർ സിംഗിന്റെയും വിനയ് ശർമയുടെയും ദയാഹർജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയാൽ 14 ദിവസം കഴിഞ്ഞ് മാത്രമേ പ്രതികളെ തൂക്കിലേറ്റാവൂ എന്നാണ് നിയമം.
ശിക്ഷ വെവേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രസർക്കാർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളുടെ മരണവാറന്‍റ് സ്റ്റേ ചെയ്തുള്ള വിചാരണക്കോടതിയുടെ ഉത്തരവിൽ ഇടപെടാനാകില്ലന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. പ്രതികൾ മനപ്പൂർവ്വം ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി ഏഴ് ദിവസത്തിനുള്ളിൽ പ്രതികൾ എല്ലാ നിയമനടപടികളും പൂർത്തിയാക്കണമെന്നു നിർദേശിച്ചു.
അതേസമയം, ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച പുതിയ വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ നാല് പ്രതികളുടേയും ശിക്ഷ വൈകുമെന്ന സ്ഥിതി വന്നതോടെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് ലോക്സഭയിൽ പറഞ്ഞു. പ്രതികള്‍ ശിക്ഷ വൈകിപ്പിക്കാന്‍ മനപ്പൂര്‍വം ശ്രമിച്ചുവെന്ന് അത് നീതീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments