Latest NewsIndiaNews

ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിന് വെടിയുതിര്‍ത്ത് ആഘോഷിക്കാനെന്ന് പറഞ്ഞ് തോക്ക് വാങ്ങി ; പിന്നീട് സംഭവിച്ചത്

ദില്ലി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്ത 17കാരന് തോക്ക് വിറ്റയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ജെവാര്‍ സ്വദേശിയായ അജിത് എന്നയാളെയാണ് പിടികൂടിയത്. ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിന് വെടിയുതിര്‍ത്ത് ആഘോഷിക്കാനാണെന്ന് പറഞ്ഞാണ് അജിത്തില്‍ നിന്ന് തോക്ക് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

10,000 രൂപയ്ക്കാണ് അജിത് തോക്ക് വിറ്റതെന്നും പൊലീസ് പറഞ്ഞു. രണ്ട് വെടിയുണ്ടകളും ഇയാള്‍ തന്നെയാണ് പ്രായപൂര്‍ത്തിയാകാത്ത അക്രമിക്ക് നല്‍കിയത്. ഒരു തവണ മാത്രമാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ബാക്കി വന്ന ഒരു വെടിയുണ്ട പൊലീസ് 17കാരനില്‍ നിന്ന് പിടിച്ചെടുത്തു. അക്രമിയുടെ വെടിയേറ്റ് ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. മാധ്യമപ്രവര്‍ത്തകരും പൊലീസും നോക്കി നില്‍ക്കെയായിരുന്നു വെടിവയ്പ്പ്.
ഷദാബ് ഫറൂഖ് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.

വീട്ടില്‍ നിന്ന് ഇറങ്ങും മുമ്പ് ഇയാള്‍ സഹോദരിയോട് പറഞ്ഞത് നിങ്ങള്‍ എന്നെങ്കിലും എന്നെ കുറിച്ച് അഭിമാനിച്ചിട്ടുണ്ടോ ? ഇന്ന് മുതല്‍ അതുണ്ടാകും എന്നായിരുന്നു. സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അക്രമി വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ സ്‌കൂളിലേക്ക് പോകുന്നതിന് പകരം ഇയാള്‍ ദില്ലിയിലേക്ക് ബസ് കയറുകയായിരുന്നു. ഷഹീന്‍ ബാഗിലേക്കുള്ള വഴി അയാള്‍ക്ക് അറിയില്ലായിരുന്നു. ഒരു ഓട്ടോ ഡ്രൈവര്‍ അയാളെ ജാമിയ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് സമീപം എത്തിച്ചു. റോഡ് അടച്ചതിനാല്‍ ഷഹീന്‍ ബാഗിലേക്ക് പോകാനാകില്ലെന്ന് അറിയിച്ചു. നടന്നുപോകാനും പറഞ്ഞു എന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button