KeralaLatest NewsNews

കൂടത്തായി കൊലക്കേസിൽ ഇന്ന് നാലാം കുറ്റപത്രം സമര്‍പ്പിക്കും

താമരശ്ശേരി: കൂടത്തായി കൊലക്കേസിൽ ഇന്ന് നാലാം കുറ്റപത്രം സമര്‍പ്പിക്കും. മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ ആണ് ഇന്ന് രാവിലെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഇത് നാലാമത്തെ കേസിലാണ് താമരശ്ശേരി മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

റോയ് തോമസ്, സിലി, ആല്‍ഫൈന്‍ കേസുകളില്‍ പോലീസ് ഇതിനകം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. 2014 ഏപ്രില്‍ 24-നാണ് ടോം തോമസിന്റെ ഭാര്യാസഹോദരനായ മാത്യു മഞ്ചാടിയില്‍ മരണപ്പെട്ടത്.

റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ പോസ്റ്റ്മോര്‍ട്ടം ചെയ്യിക്കാന്‍ ആവശ്യപ്പെട്ടിരുന്ന മാത്യുവിനെ ജോളി മദ്യത്തിലും കുടിവെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ജോളി ഒന്നാംപ്രതിയായുള്ള കേസില്‍ എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും പ്രതികള്‍.

കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ചടങ്ങ് നടക്കുന്നതിനിടെ ആല്‍ഫൈന് ബ്രഡില്‍ സയനൈഡ് പുരട്ടി നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എസ്പി കെ ജി സൈമണ്‍ പറഞ്ഞിരുന്നു.

ALSO READ: യുവ നടി ആക്രമിക്കപ്പെട്ട കേസ്: പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ വിചാരണ കോടതി ഇന്ന് പരിശോധിക്കും

സയനൈഡ് പുരട്ടിയ ബ്രഡ്ഡ് ആല്‍ഫൈന്റെ അമ്മ സിലിയുടെ സഹോദരി ഹാന്‍സിയുടെ കയ്യിലാണ് നല്‍കിയത്. അവരാണ് കുട്ടിക്ക് ബ്രഡ്ഡ് നല്‍കിയത്. ഇതു കഴിച്ച കുട്ടി വയ്യാതായപ്പോള്‍ ബ്രഡ്ഡ് തൊണ്ടയില്‍ കുടുങ്ങി എന്നാണ് പ്രചരിപ്പിച്ചത്. ഷാജുവിനെ സ്വന്തമാക്കാന്‍ ആല്‍ഫൈന്‍ ബാധ്യതയാകുമെന്ന് കരുതിയാണ് ജോളി കുട്ടിയെ വകവരുത്താന്‍ പദ്ധതിയിട്ടതെന്നും അന്വേഷണസംഘ തലവന്‍ എസ് പി സൈമണ്‍ പറഞ്ഞു.

500ഓളം പേജുള്ളതാണ് കുറ്റപത്രം. 129 സാക്ഷികളും 130 രേഖകളും അടങ്ങുന്നതാണ് കുറ്റപത്രം. കേസില്‍ റോയി തോമസിന്റെ സഹോദരന്‍ റോജോ തോമസ് മുഖ്യസാക്ഷിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button