തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. അതേസമയം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമെന്നും പരിശോധനയ്ക്കായി അയച്ച പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാമ്പിളിന്റെ ഫലം കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു. കൊറോണ സ്ഥിരീകരിച്ച പെണ്‍കുട്ടിയുമായി ഇടപഴകിയ കൂടുതല്‍ പേരുടെ പട്ടിക ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. ഇവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
ഇതുവരെ മറ്റാര്‍ക്കും രോഗബാധയില്ല, എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 22 പേരെ കൂടി ആശുപത്രിയില്‍ നിരീക്ഷിച്ച് വരികയാണ്. ഇതോടെ സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1793 പേരാണ്. ഇന്ന് തൃശ്ശൂരില്‍ നിന്ന് അഞ്ച് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി പൂണെയില്‍ നിന്നുള്ള വിദഗ്ധ സംഘം നാളെ ആലപ്പുഴയില്‍ എത്തും.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ സിംഗ്ജിയാംഗില്‍ നിന്നുള്ള 12 മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്തി. സിംഗ്ജിയാംഗില്‍ അവസാന വര്‍ഷ എംബിബിഎസിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. സിംഗ്ജിയാംഗില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് മടങ്ങിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 12 പേരെയും വിമാനത്താവളത്തില്‍ ആരോഗ്യ വകുപ്പ് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് വീടുകളിലേക്ക് അയച്ചത്.
കരുതല്‍ നടപടിയുടെ ഭാഗമായി ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്കൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥിനി പനി ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്.
വിദ്യാര്‍ത്ഥിനിയുടെ സ്രവ സാംപിള്‍ പൂണെയില്‍ പരിശോധനയ്ക്ക് അയച്ചു.
Post Your Comments