റോം: കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് ഒരു കപ്പലില്‍നിന്ന് പുറത്തിറങ്ങാതെ ഏഴായിരത്തോളം പേര്‍. കപ്പലില്‍ യാത്രചെയ്തിരുന്ന ചൈനീസ് ദമ്പതികള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് മുഴുവന്‍ യാത്രക്കാരും കപ്പലിനുള്ളില്‍ കഴിയുന്നത്.
ഇറ്റാലിയന്‍ ആഡംബര കപ്പലായ ദി കോസ്റ്റ സ്മെറാള്‍ഡയില്‍ യാത്രചെയ്തിരുന്ന 54 വയസ്സുകാരിയിലാണ് കൊറോണ ലക്ഷണങ്ങള്‍ കണ്ടത്. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ട ഇവര്‍ കഴിഞ്ഞദിവസം കപ്പലിലെ ഡോക്ടര്‍മാരില്‍നിന്ന് ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇവരുടെ ഭര്‍ത്താവിന് കൊറോണ ലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കപ്പലിലെ പ്രത്യേക മുറികളിലാണ് ഇരുവരെയും പാര്‍പ്പിച്ചിരിക്കുന്നത്.
ലാബിലെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനാവൂ. അടുത്തദിവസം തന്നെ പരിശോധനഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കപ്പലിലെ ബാക്കിയുള്ളവരെയും നിരീക്ഷിക്കുന്നത്.
കൊറോണ സംശയത്തെ തുടര്‍ന്ന് കപ്പല്‍ നിലവില്‍ ചിവിറ്റാവെക്യയിലെ തുറമുഖത്ത് അടുപ്പിച്ചിരിക്കുകയാണ്. എന്നാല്‍ പരിശോധന ഫലം വരുന്നതുവരെ ആരെയും പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. ആയിരം ജീവനക്കാരും ആറായിരത്തോളം യാത്രക്കാരുമാണ് കപ്പലിലുള്ളത്.
Post Your Comments