പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ഇന്ന് മൂന്നാം ട്വന്റി20ക്കായി ഹാമില്‍ട്ടണില്‍ ഇറങ്ങും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് മത്സരം. ഇന്നത്തെ മല്‍സരത്തില്‍ ജയിക്കാനായാല്‍ ചരിത്രത്തില്‍ ആദ്യമായി ന്യൂസിലാന്‍ഡില്‍ ട്വന്റി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡ് കോലിക്കും കൂട്ടര്‍ക്കും സ്വന്തമാവും.
കളിക്കിടെ ഇടയ്ക്കു മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വിജയികളെ തീരുമാനിക്കാന്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമം നടപ്പാക്കേണ്ടി വരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ന്യൂസിലാന്‍ഡിലെ മറ്റു ഗ്രൗണ്ടുകളെപ്പോലെ ഈ ഗ്രൗണ്ടും വലിപ്പം കുറഞ്ഞതാണ്.
അതേസമയം നായകന്‍ വിരാട് കോഹ്ലിക്കും ചില സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കാനുള്ള സുവര്‍ണ്ണാവസരാമാണ് മൂന്നാം ട്വന്റി-20ക്ക് ഇറങ്ങുമ്പോള്‍ മുന്നിലുള്ളത്. ഹാമില്‍ട്ടണില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ നായകന്‍ എംഎസ് ധോണിയെ പിന്നിലാക്കാനുള്ള അവസരമാണ് കോഹ്ലിക്കുള്ളത്.
ഈ മത്സരത്തില്‍ 25 റണ്‍സ് കൂടി എടുത്താല്‍ മുന്‍ നായകന്‍ എംഎസ് ധോണിയെ പിന്നിലാക്കി ട്വന്റി20 യില്‍ നായകനായി ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്ത താരങ്ങളുടെ പട്ടികയില്‍ കോഹ്ലി എത്തും. എംഎസ് ധോണി (1112), കെയ്ന്‍ വില്ല്യംസണ്‍ (1148) ഫാഫ് ഡുപ്ലെസീസ് (1273) എന്നിവരാണ് കോഹ്ലിക്ക് മുന്നില്‍ ഇപ്പോഴുള്ളത്.
മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടാന്‍ കോഹ്ലിക്ക് സാധിച്ചാല്‍ അന്താരാഷ്ട്ര ട്വന്റി20 യില്‍ നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനും കോഹ്ലി ഉടമയാകും. ഇപ്പോള്‍ എട്ട് അര്‍ദ്ധ സെഞ്ചുറികളുമായി ഫാഫ് ഡുപ്ലെസീസിനും കെയ്ന്‍ വില്ല്യംസണും ഒപ്പമാണ് താരം.
Post Your Comments