തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റെന്ന് സംശയം. കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെഞ്ഞാറമ്മൂട്ടിൽ സ്കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥിക്ക് പാമ്പ് കടിയേറ്റെന്നാണ് ലഭിക്കുന്ന വിവരം. കുട്ടി ഇപ്പോൾ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉള്ളത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. തോമ്പാമൂട് ജനതാ എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിയെയാണ് പാമ്പ് കടിയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കളിക്കുന്നതിനിടെ മൈതാനത്തെ പുൽത്തകിടിയിലേക്ക് മറിഞ്ഞുവീണ കുട്ടി എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ കൈത്തണ്ടയിൽ കടിയേറ്റെന്നാണ് അധ്യാപകരോട് പറഞ്ഞത്. പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടതായും കുട്ടി അധ്യാപകരോട് പറഞ്ഞു. ഇതേത്തുടർന്ന് കുട്ടിയെ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ കുട്ടിയ്ക്ക് രക്തപരിശോധന നടത്തിയതിൽനിന്ന് പാമ്പ് കടിയേറ്റെന്ന് പൂർണമായും സ്ഥിരീകരിക്കാനായിട്ടില്ല. മുറിപ്പാട് പാമ്പ് കടിയേറ്റതിന്‍റെ അല്ലെങ്കിലും നിരീക്ഷണത്തിൽ തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. ഇന്ന് വീണ്ടും രക്തപരിശോധന നടത്തിയശേഷം മാത്രം കൂടുതൽ ചികിത്സ തുടരാമെന്ന നിലപാടിലാണ് ഡോക്ടർമാർ.
Post Your Comments