കൊച്ചി: കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതിയായ സുനില്‍ കുമാര്‍ ( പൾസർ സുനി) റിമാന്‍ഡില്‍ കഴിയുമ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി കത്തയച്ചത് പ്രത്യേകം വിസ്തരിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.
ജയിലിൽവെച്ച് ഗൂഢാലോചന നടത്തി പണത്തിനായി ഭീഷണിപ്പെടുത്തിയെന്ന ദിലീപിൻറെ പരാതിയിൽ പൾസർ സുനി, ഒമ്പതാം പ്രതി സനിൽ കുമാർ എന്ന മേസ്തിരി സനിൽ, പത്താം പ്രതി വിഷ്ണു എന്നിവർക്കെതിരെ മറ്റൊരു കേസെടുത്തിരുന്നു. താൻ പ്രതിയായ കേസിനൊപ്പം ഇതിന്റെ വിചാരണയും നടത്താനാണ് വിചാരണ കോടതി തീരുമാനം. ക്രിമിനൽ നടപടി ചട്ടത്തിന്റെ ലംഘനമാണിതെന്നും ഇത്തരമൊരു വിചാരണ കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഹരജിയിൽ വാദിക്കുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സുപ്രീംകോടതിയുടെ അനുമതിയോടെ പരിശോധിച്ചതിനെ തുടർന്ന് പകർപ്പ് സെൻട്രൽ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം, ദിലീപ് ഉള്‍പ്പെട്ട കേസിന്റെ തുടര്‍ച്ചയാണ് ഭീഷണിക്കത്തെന്നും അതിനാല്‍ പ്രത്യേകം വിസ്തരിക്കണ്ടേ കാര്യമില്ലെന്നുമാണ് പ്രോസിക്യൂഷന് നിലപാട്. നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപിന്റെ ആവശ്യം നേരത്തേ വിചാരണക്കോടതി തള്ളിയിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
കേസിൽ വിചാരണ ജനുവരി 30ന് തുടങ്ങാനിരിക്കെയാണ് ഹരജി. താൻ ഇരയും പ്രതിയുമായ കേസുകളുടെ വിചാരണ ഒരുമിച്ചു നടത്തുന്നത് തടയണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയടക്കമുള്ള പ്രതികൾ പിടിയിലായശേഷം പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചനക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തത്.
Post Your Comments