ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വിവാദ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി.
വിവാദ മുദ്രാവാക്യ വിളിയില്‍ പരിശോധനകള്‍ നടക്കുകയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കാനായിരുന്നു കേന്ദ്രമന്ത്രിയുടെ യോഗത്തില്‍ മുദ്രാവാക്യം. രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് ‘വെടിവെക്കൂ” മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു.പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായി. ‘ദേശ് കെ ഗദ്ദറോണ്‍’….എന്ന് താക്കൂര്‍ വിളിക്കുകയും ‘ഗോലി മാരോ സാലോണ്‍ കോ’ എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ആഹ്വാനം. അനുരാഗ് താക്കൂറിന്റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് എഎപി നേതാക്കള്‍ അറിയിച്ചു.
മുദ്രാവാക്യം വിളിക്കുമ്പോള്‍ റിതാല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മനോജ് ചൗധരിയും വേദിയില്‍ ഉണ്ടായിരുന്നു. നിങ്ങള്‍ വീഡിയോ മുഴുവന്‍ കണ്ടതിന് ശേഷം ദില്ലിയിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കൂവെന്ന് അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments