
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതി വിനയ് ശര്‍മ്മയ്ക്ക് തിഹാര്‍ ജയില്‍ ജയിലില്‍ വെച്ച് വിഷം നല്‍കിയതായി ആരോപണം. പ്രതികള്‍ക്ക് ദയാഹര്‍ജി നല്കാന് ആവശ്യമായ രേഖകള്‍ ജയില്‍ അധികൃതര്‍ നല്‍കുന്നില്ലെന്നും കാണിച്ച് നല്കിയ ഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് അഭിഭാഷകന് ഇക്കാര്യം പറഞ്ഞത്. സ്ലോ പോയിസണ്‍ ഏറ്റ വിനയ് ശര്‍മ്മ ജയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്നും പ്രതിയുടെ അഭിഭാഷകനായ എ പി സിംഗ് കോടതിയില്‍ പറഞ്ഞു.
വിനയ് ശര്‍മ്മയുടെ ആരോഗ്യസ്ഥിതി മോശം അവസ്ഥയിലാണ്. അദ്ദേഹം ഭക്ഷണം കഴിക്കുന്നില്ല. ദയാഹര്‍ജി പരിഗണിക്കുന്ന രാഷ്ട്രപതി ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നും അഭിഭാഷകന് എ പി സിംഗ് ആവശ്യപ്പെട്ടു. അതേസമയം ദയാഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകള്‍ എല്ലാം പ്രതികള്‍ക്ക് നല്‍കിയതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. വധശിക്ഷ നീട്ടിവെക്കാന്‍ പ്രതിഭാഗം തന്ത്രങ്ങള്‍ മെനയുകയാണെന്നും പ്രോസിക്യൂഷന് ആരോപിച്ചു.തിരുത്തല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുന്നതിനായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടു എന്നാണ് അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. ആവശ്യമായ രേഖകള്‍ ലഭിക്കുന്നില്ലെന്നും അഭിഭാഷകര്‍ പറഞ്ഞു.
എന്നാല്‍ ഈ വാദം ജയില്‍ അധികൃതര്‍ നിഷേധിച്ചു. എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നും ഏതെങ്കിലം രേഖകള്‍ കൂടുതലായി ആവശ്യമാണെങ്കില്‍ അവ നല്കാന് തയ്യാറാണെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. ഇതിനിടയിലാണ് വിനയ് ശര്‍മയെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമം നടന്നയായി അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്. വിനയ് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന്റെ മെഡിക്കല്‍ രേഖകള്‍ ജയില്‍ അധികൃതര്‍ കൈമാറുന്നില്ല എന്നും അഭിഭാഷകന് പറഞ്ഞു.
കേസിലെ രണ്ട് പ്രതികളായ വിനയ് കുമാര്‍ ശര്‍മയും മുകേഷ് സിങ്ങും സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. 2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പിലാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.നേരത്തെ ജനുവരി 22 ന് ശിക്ഷ നടപ്പാക്കാന്‍ പുറപ്പെടുവിച്ച വാരണ്ട്, രണ്ടുപ്രതികള്‍ ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു.
Post Your Comments