Latest NewsKeralaNews

വ്യാജ അഭിഭാഷക ചമഞ്ഞ് ആൾമാറാട്ടം: 21 മാസം സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത് നേപ്പാളിൽ ആണെന്ന് വിവരം

ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത് നേപ്പാളിൽ ആണെന്ന് വിവരം. സെസിക്കായി ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയശേഷമേ കാര്യങ്ങൾ വ്യക്തമാകൂ. കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെവന്നപ്പോഴാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

21 മാസത്തോളം ഒളിവിൽക്കഴിഞ്ഞ ശേഷമാണ് കുട്ടനാട് രാമങ്കരി നീണ്ടിശ്ശേരി വീട്ടിൽ സെസി സേവ്യർ (29) ചൊവ്വാഴ്ച ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.

ആൾമാറാട്ടംനടത്തി നീതിന്യായവ്യവസ്ഥയെ വഞ്ചിച്ചതിന്‌ 2021 ജൂലായ് 15-നാണ് സെസിക്കെതിരേ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തത്. രണ്ടരവർഷത്തോളം ഇവർ അഭിഭാഷകയായി പ്രവർത്തിച്ചിരുന്നു. അതിനു മറ്റൊരു അഭിഭാഷകയുടെ ബാർ കൗൺസിൽ റോൾനമ്പരാണു നൽകിയത്. ആലപ്പുഴ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച സെസി, അസോസിയേഷൻ ലൈബ്രേറിയനായി പ്രവർത്തിക്കവേയാണ് പിടിക്കപ്പെട്ടത്.

അസോസിയേഷനുകിട്ടിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് സെസിക്കു നിയമബിരുദമില്ലെന്നു വ്യക്തമായത്. യോഗ്യതാരേഖകൾ ഹാജരാക്കാനാകാതെവന്നപ്പോൾ 2011-ലെ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. അഭിലാഷ് സോമൻ സെസിക്കെതിരേ നോർത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു.

സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. കീഴടങ്ങാൻ കോടതി നിർദേശിച്ചെങ്കിലും ഇവർ ഒളിവിൽപ്പോയി. പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പോലീസ് ലുക്കൗട്ട് നോട്ടീസുമിറക്കി.

ചൊവ്വാഴ്ച കായംകുളത്തെ അഭിഭാഷകൻ മുഖേനയാണ് സെസി ആലപ്പുഴ സിജെഎം കോടതിയിൽ ഹാജരായത്. ഇവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button