കോട്ടയം : ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ക്രിമിനൽ കേസിൽ ശിക്ഷിച്ച പ്രതി അതേ കോടതിയിൽ അഭിഭാഷകനായി. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പ്രാക്ടിസ് ചെയ്തുവന്ന പൊൻകുന്നം സ്വദേശി അഫ്സൽ ഖനീഫയ്ക്കെതിരെയാണു പരാതി. പ്രീഡിഗ്രി തോറ്റ അഫ്സൽ ഡിഗ്രിയുടെയും എൽഎൽബിയുടെയും വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി കേരള ബാർ കൗൺസിലിൽ നിന്നു സന്നത് എടുക്കുകയായിരുന്നു.
ഒന്നര വർഷം പ്രാക്ടിസ് ചെയ്തു. ഈ കാലയളവിൽ ഭൂമി തർക്ക കേസിൽ കോടതി ഇയാളെ അഡ്വക്കറ്റ് കമ്മിഷനായും നിയമിച്ചു. ബാർ അസോസിയേഷനിൽ അംഗത്വത്തിനു അപേക്ഷിച്ചപ്പോൾ നൽകിയ സർട്ടിഫിക്കറ്റ് പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ ആണ് പോലീസിൽ പരാതി നൽകിയത്.
തട്ടിപ്പ് പുറത്തായതോടെ പ്രതിയുടെ സന്നത് കേരള ബാർ കൗൺസിൽ റദ്ദാക്കി. അശ്ലീല ക്ലിപ്പുകൾ പെൻഡ്രൈവിലും സിഡിയിലും പകർത്തി വിൽപന നടത്തിയ കേസിലാണ് 2017ൽ അഫ്സലിനെ കോടതി ശിക്ഷിച്ചത്. ഇതിന് ശേഷം 3 വർഷം കഴിഞ്ഞ് 2021 ഫെബ്രുവരി 21 നാണ് ഇയാൾ സന്നത് എടുത്തത്പ്രാക്ടീസ് തുടങ്ങിയത്.
പ്രതി ഹാജരാക്കിയ രേഖകൾ പരിശോധിക്കാതെയാണ് ബാർ കൗൺസിൽ സന്നത് നൽകിയതെന്നാണ് ബാർ അസോസിയേഷൻ പ്രസിഡന്റ് ജോബി ജോസ്, ജോ. സെക്രട്ടറി സെയ്ദ് അലി ഖാൻ എന്നിവരുടെ പരാതി.
Post Your Comments